ട്രെയിനുകളിലെ എസി കോച്ചുകളിലെ യാത്രക്കാർക്ക് വിതരണം ചെയ്യുന്ന കമ്പിളി പുതപ്പുകൾ 15 ദിവസം കൂടുമ്പോൾ കഴുകുമെന്ന് ഉത്തര റെയിൽവേ. രണ്ടാഴ്ച കൂടുമ്പോൾ നാഫ്തലീൻ ആവി ഉപയോഗിച്ച് സ്റ്റെറിലൈസേഷൻ ചെയ്യുമെന്നും ഉത്തര റെയിൽവേ വ്യക്തമാക്കി. വൈകാതെ യുവി റോബോട്ടിക് സാനിറ്റൈസേഷൻ ആരംഭിക്കുമെന്നും ഉത്തര റെയിൽവേ അറിയിച്ചു .
നാഫ്തലീൻ ആവി ഉപയോഗിച്ചുള്ള വൃത്തിയാക്കൽ സമയബന്ധിതവും ഫലപ്രദവുമാണെന്ന് ഉത്തര റെയിൽവേ വക്താവ് ഹിമാൻഷു ശേഖർ പറഞ്ഞു. ഓരോ ഉപയോഗത്തിനു ശേഷവും യന്ത്രവൽകൃത അലക്കുശാലകളിൽ കോട്ടൺ തുണിത്തരങ്ങൾ കഴുകും. ഇവ വൈറ്റോമീറ്റർ ടെസ്റ്റിന് വിധേയമാക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം പ്രാഥമിക ഘട്ടത്തിൽ ജമ്മു , ദിബ്രുഗഡ്, രാജധാനി ട്രെയിനുകളിലെ പുതപ്പുകളാണ് യുവി റോബോട്ടിക് സാനിറ്റൈസേഷൻ നടത്തുന്നത്. അൾട്രാവയലറ്റ് പ്രകാശം ഉപയോഗിക്കുന്നതിനാൽ പുതപ്പുകളിലെ അണുക്കൾ നശിക്കുമെന്നും ഉത്തരറെയിൽവേ വ്യക്തമാക്കുന്നു.
ട്രെയിനിലെ പുതപ്പ് വൃത്തിയാക്കൽ സംബന്ധിച്ച ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ട്രെയിൻ യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ മാസത്തിൽ ഒരിക്കലെങ്കിലും കഴുകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. കൂടാതെ, യാത്രക്കാർക്ക് വിതരണം ചെയ്യുന്ന ബെഡ് ഷീറ്റ്, തലയണ കവർ എന്നീ തുണിത്തരങ്ങൾ ഓരോ ഉപയോഗത്തിനു ശേഷവും കഴുകുമെന്നും മന്ത്രി അറിയിച്ചിരുന്നു. വൃത്തിയുള്ള ലിനൻ സെറ്റുകളുടെ വിതരണം ഉറപ്പാക്കാനായി യന്ത്രവത്കൃത അലക്കുശാലകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. റെയിൽവേ ജീവനക്കാർക്കു പുറമേ, ഇവയുടെ നിരീക്ഷണത്തിനായി സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post