പ്രീമിയർ ലീഗിലെ ആദ്യ ജയം ആഘോഷമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം. പുതിയ പരിശീലകൻ കളിക്കാർക്ക് പകർന്ന പുത്തൻ ഊർജ്ജം മൈതാനത്ത് പ്രതിഫലിച്ചപ്പോൾ റെഡ് ഡെവിൾസിന് വമ്പൻ ജയം. ഓൾഡ് ട്രാഫോർഡിൽ എവർട്ടനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് യുണൈറ്റഡ് തകർത്തു വിട്ടത്. മാർക്കസ് റാഷ്ഫോഡും ജോഷ്വാ സിർക്സിയും നേടിയ ഇരട്ട ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം അനായാസമാക്കിയത്.
ഫസ്റ്റ് ഹാഫിൽ യുണൈറ്റഡ് രണ്ട് ഗോളുകൾക്ക് മുന്നിൽ ആയിരുന്നു. എവർട്ടനെതിരായ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്തെത്തി. 13 മത്സരങ്ങളിൽ നിന്ന് 19 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം. പ്രീമിയർ ലീഗിലെ മറ്റൊരു ശ്രദ്ധേയമായ മത്സരത്തിൽ ചെൽസിക്ക് ഉഗ്രൻ ജയം. സ്റ്റാംഫോഡ് ബ്രിഡ്ജിൽ അരങ്ങേറിയ പോരാട്ടത്തിൽ ആസ്റ്റൻ വില്ലയെ മറുപടി ഇല്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി തകർത്തത്.
നിക്ലസ് ജാക്സനും എൻസൊ ഫെർണാണ്ടസും കോൾ പാൽമറുമാണ് ചെൽസിക്കായി സ്‌കോർ ചെയ്തത്. 13 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ചെൽസി പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. 19 പോയിന്റുള്ള ആസ്റ്റൻ വില്ല ലീഗിൽ പന്ത്രണ്ടാം സ്ഥാനത്താണ്. സ്പാനിഷ് കോച്ച് ഉനായ് എമറിയുടെ ശിക്ഷണത്തിൽ സീസൺ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആസ്റ്റൻ വില്ലയ്ക്ക് ഇപ്പോൾ ചുവടു പിഴയ്ക്കുകയാണ്.
Discussion about this post