ന്യൂഡൽഹി : അതിർത്തി വേർപിരിയൽ കരാറിനെത്തുടർന്ന് ഇന്ത്യ-ചൈന ബന്ധത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ലോക്സഭയിൽ പ്രസ്താവന നടത്തും. അതിർത്തിയിലെ സേനാപിന്മാറ്റം അടക്കമുള്ള കാര്യങ്ങളിൽ കഴിഞ്ഞ ഒക്ടോബർ 21ന് ഇരുരാജ്യങ്ങളും ധാരണയായിരുന്നു .
അതിർത്തി കരാറിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യത്തെ ഉന്നതതല ആശയവിനിമയം നടന്നിരുന്നു. ബ്രസീലിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തിയത്. ഇതിനെ തുടർന്നാണ് ജയശങ്കറിന്റെ ലോക്സഭയിലെ പ്രസ്താവന.
ഒക്ടോബർ 23 ന് റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം ലോക സമാധാനത്തിനും, സ്ഥിരതയ്ക്കും, പുരോഗതിക്കും പരമപ്രധാനമാണെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു .
Discussion about this post