ന്യൂഡൽഹി: രണ്ടു തവണ പിടി തരാതെ ഒഴിഞ്ഞു മാറുന്ന ഡൽഹി നിയമസഭാ ഇലക്ഷനിൽ ഇത്തവണ വെന്നിക്കൊടി പാറിക്കാനൊരുങ്ങി ബി ജെ പി. ആം ആദ്മിയെ അവരുടെ തട്ടകത്തിൽ അവരുടെ തന്നെ ആയുധം വച്ച് കീഴടക്കാനാണ് ബി ജെ പി ഒരുങ്ങുന്നത്.
സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം എന്നിവ ഉപയോഗിച്ചാണ് ആം ആദ്മിക്ക് ബിജെപിയെ അനായാസം പരാജയപ്പെടുത്താൻ സാധിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സൗജന്യ ജല, വൈദ്യുതി പദ്ധതികളെക്കുറിച്ച് ബിജെപി അത്ര ശ്രദ്ധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റുകളിൽ എട്ടെണ്ണം മാത്രമേ ബി ജെ പി ക്ക് നേടാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഇത്തവണ കളി അല്പം മാറ്റിപ്പിടിക്കാൻ തന്നെയാണ് ബി ജെ പി ഉദ്ദേശിച്ചിരിക്കുന്നത്.
ഡൽഹിയിൽ അധികാരത്തിലെത്തിയാൽ നിലവിലെ ആം ആദ്മി പാർട്ടി ഏർപ്പെടുത്തിയ സൗജന്യ വൈദ്യുതി, ജലവിതരണ പദ്ധതികളും സ്ത്രീകൾക്ക് വേണ്ടിയുള്ള ബസ് യാത്രകളും പാർട്ടി തുടരുമെന്ന് ബിജെപി പ്രകടനപത്രിക കമ്മിറ്റി ചെയർമാൻ രാംവീർ സിംഗ് ബിധുരി പറഞ്ഞു. അതായത് ആം ആദ്മിയുടെ വജ്രായുധം തന്നെ അവർക്കെതിരെ പ്രയോഗിക്കാൻ ഒരുങ്ങുകയാണ് ബി ജെ പി.
പ്രകടനപത്രിക തയ്യാറാക്കുന്നതിനായി ഡൽഹിയിലെ വോട്ടർമാരിൽ നിന്ന് ബി ജെ പി പ്രതികരണം ശേഖരിച്ചിരുന്നു . ഡൽഹിയിൽ സർക്കാർ രൂപീകരിച്ചാൽ ബിജെപി സൗജന്യ പദ്ധതികൾ നിർത്തലാക്കുമെന്ന് തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ കെജ്രിവാൾ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് ഇതിൽ നിന്നും മനസിലായി. ഇതിനെ തുടർന്നാണ് കൃത്യമായ പ്ലാനുമായി ബി ജെ പി ഇറങ്ങുന്നത്. എന്തായാലും ഇത്തവണ കെജ്‌രിവാളിന് എളുപ്പമായിരിക്കില്ല കാര്യങ്ങൾ എന്ന് ഉറപ്പാണ്
Discussion about this post