മുംബൈ: സിഗരറ്റ്, പുകയില, കാർബണേറ്റഡ് പാനീയം എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതോടെ നിലവിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമത്തിൽ ഒരു ഉയർന്ന് സ്ലാബ് കൂടി നിലവിൽ വരും.
വരുന്ന ഇരുപത്തിയൊന്നാം തീയതി ധനമന്ത്രി നിർമ്മല സീതാരാമൻറെ അദ്ധ്യക്ഷതയിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയ്‌സാൽമറിൽ നടക്കുന്ന യോഗത്തിൽ മറ്റ് പല വിഷയങ്ങളും ചർച്ച ചെയ്യും. ലെതർ ബാഗുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വാച്ചുകൾ, ഷൂകൾ തുടങ്ങി നിരവധി ആഡംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്താൻ മന്ത്രിമാരുടെ സംഘം ശുപാർശ ചെയ്തിട്ടുണ്ട് .
പുകയില, സിഗരറ്റ്, കോള അടക്കമുള്ള കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയ്ക്കാണ് 35% നികുതി ഏർപ്പെടുത്തുന്നത്. ഇതോടെ സിഗരറ്റ്, പുകയില, കോളയടക്കമുള്ള പാനീയങ്ങൾ എന്നിവയുടെ വില വർദ്ധിക്കും. ഇവയുടെ ജി എസ് ടി നിരക്ക് 28 ശതമാനത്തിൽ നിന്നും 35 ശതമാനം ആക്കുന്നതോടെയാണ് വില വർധിക്കുന്നത് .
ബീഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ കീഴിലുള്ള മന്ത്രിമാരുടെ സംഘമാണ് പുതിയ നിർദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത്. മുകളിൽ പറഞ്ഞ ഉൽപ്പന്നങ്ങളുടെ നികുതി വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ വരുമാനം കൂടാൻ കാരണമാകും. മാത്രമല്ല ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുന്നതിലുടെ ഉപഭോഗത്തിൽ സ്വാഭാവിക നിയന്ത്രണം വരുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
Discussion about this post