ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായ കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇനി ഏതാനും നാളുകൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. ഡിസംബർ പന്ത്രണ്ടിന് ഗോവയിൽ വച്ചാണ് കീർത്തിയുടെ വിവാഹം നടക്കുക. ദീർഘകാല സുഹൃത്തും കാമുകനുമായ ആന്റണി തട്ടിൽ ആണ് കീർത്തിയുടെ വരൻ. എന്നാൽ കീർത്തിയുടെ വിവാഹം തമിഴ് അയ്യങ്കാർ ശൈലിയിൽ ആയിരിക്കും നടക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷിന്റെ വിവാഹവും തമിഴ് അയ്യങ്കാർ ശൈലിയിൽ ആയിരുന്നു നടന്നിരുന്നത്. മലയാളിയായ നിർമ്മാതാവ് സുരേഷ് കുമാറിന്റെ മക്കളുടെ വിവാഹം എന്തുകൊണ്ടാണ് ഇത്തരത്തിൽ നടത്തുന്നത് എന്ന് അന്നേ ചോദ്യമുയർന്നിരുന്നു. എന്നാൽ ഇതിന് പിന്നിലെ കാരണം കീർത്തിയുടെ അമ്മ മേനകയുടെ പാരമ്പര്യ ആചാരങ്ങളാണ്.
തമിഴ്നാട്ടിലെ തിരുക്കുറും ഗുഡി അഗ്രഹാരത്തിൽ ജനിച്ച അയ്യങ്കാർ യുവതിയാണ് മേനക. പത്മാവതി എന്നായിരുന്നു മേനകയ്ക്ക് സിനിമയിൽ വരുന്നതിനു മുൻപുള്ള പേര്. മലയാളിയായ നിർമ്മാതാവ് സുരേഷ് കുമാറിനെ വിവാഹം ചെയ്തെങ്കിലും തന്റെ വിശ്വാസങ്ങളും ആചാരങ്ങളും ഇപ്പോഴും മുറുകെ പിടിക്കുന്ന വ്യക്തിയാണ് മേനക. അമ്മയുടെ ഈ വിശ്വാസങ്ങളും ആചാരങ്ങളും കാരണം തങ്ങളുടെ വീട്ടിൽ നോൺവെജ് വിഭവങ്ങൾ പോലും ഉണ്ടാക്കാറില്ല എന്ന് കീർത്തി സുരേഷും വ്യക്തമാക്കിയിരുന്നു.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങുകളാണ് കീർത്തിയുടെ വിവാഹത്തിന്റെ ഭാഗമായി ഗോവയിൽ നടക്കുന്നത്. സംഗീതും ബാച്ചിലർ പാർട്ടിയും അടക്കമുള്ള ആഘോഷങ്ങളും വിവാഹാഘോഷത്തിന്റെ ഭാഗമായി നടക്കും. തുടർന്ന് കീർത്തിയുടെ കുടുംബത്തിനായി തമിഴ് അയ്യങ്കാർ ശൈലിയിലും വരന്റെ കുടുംബത്തിനായി ക്രിസ്ത്യൻ ശൈലിയിലും വിവാഹം നടത്തുമെന്നാണ് സൂചന.
Discussion about this post