ന്യൂഡൽഹി: ഡൽഹി ജമാ മസ്ജിദിൽ സർവ്വേ വേണമെന്ന ആവശ്യവുമായി ഹിന്ദു സേന ദേശീയ അദ്ധ്യക്ഷൻ വിഷ്ണു ഗുപ്ത. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലിന് കത്ത് നൽകി. മസ്ജിദിനുള്ളിൽ ഹൈന്ദവ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്നും ഇതിൽ അന്വേഷണം വേണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ജോധ്പൂർ, ഉദയ്പൂർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങൾ മസ്ജിദിൽ ഉണ്ട്. ഇക്കാര്യത്തെക്കുറിച്ച് മാസിർ ഇ അലംഗിരി എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. 1689 മെയ് 24, 25 തിയതികളിൽ ആയിരുന്നു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടത്. ഇതിന് ശേഷം തകർന്ന വിഗ്രഹങ്ങൾ കാളവണ്ടിയിൽ ഡൽഹിയിൽ എത്തിച്ചു. ഇവയുടെ ഭാഗങ്ങൾ കൊണ്ടാണ് മസ്ജിദിന്റെ പടിക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടി പരിശോധന ആവശ്യമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.
സമഗ്രമായ പരിശോധന നടത്തി ഏതെല്ലാം ക്ഷേത്രങ്ങളാണ് തകർന്നത് എന്ന് കണ്ടെത്തണം. ഇതിന് ശേഷം ഇവ പുന:ർനിർമ്മിക്കണം. മുഗൾ ഭരണാധികാരിയായ ഔറംഗസേബിന്റെ ക്രൂരത ലോകം ഇതിലൂടെ തിരിച്ചറിയണം എന്നും അദ്ദേഹം പറയുന്നുണ്ട്.
അടുത്തിടെ അജ്‌മേർ ദർഗ ക്ഷേത്രമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അജ്‌മേർ കോടതിയിൽ പരാതി നൽകിയിരുന്നു. ഇത് പരിഗണിച്ച കോടതി ദർഗ കമ്മിറ്റി, ന്യൂനപക്ഷകാര്യവകുപ്പ്, ആർക്കിയോളജിക്കൽ ഡിപ്പാർട്‌മെന്റ് എന്നിവയ്ക്ക് മറുപടി ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി ജമാമസ്ജിദിൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post