അഗർത്തല : അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ എല്ലാ വിസ, കോൺസുലാർ സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നത്.
ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിൻ്റെ അറസ്റ്റിനെതിരെ ഒരു കൂട്ടം പ്രതിഷേധക്കാർ തിങ്കളാഴ്ച ബംഗ്ലാദേശ് ഹൈകമ്മീഷന് മുൻപിൽ പ്രകടനം നടത്തിയതാണ് തീരുമാനത്തിന് പിന്നിലെ കാരണം. ഹിന്ദു വിഭാഗത്തിന്റെ പ്രതിഷേധം മൂലമുള്ള നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് ബംഗ്ലാദേശ് മിഷൻ്റെ പ്രഥമ സെക്രട്ടറി എംഡി അൽ-അമീൻ വ്യക്തമാക്കി.
ചിൻമോയ് കൃഷ്ണ ദാസിൻ്റെ അറസ്റ്റിനെതിരെയും ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് നേരെയുള്ള ആക്രമണത്തിനെതിരെയും അഗർത്തലയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടത്തിയത്. അതേസമയം ചിൻമോയ് കൃഷ്ണ ദാസിൻ്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നത് ബംഗ്ലാദേശ് കോടതി ജനുവരി രണ്ടിലേക്ക് മാറ്റി.
Discussion about this post