ഇടുക്കി : ഇടുക്കിയിൽ വീടിനകത്ത് കയറി ആക്രമണം നടത്തി കുരങ്ങ്. കുരങ്ങനെ ഓടിച്ചു വിടാൻ ശ്രമിച്ച വീട്ടമ്മയെ കുരങ്ങൻ ആക്രമിച്ചു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീണ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി നാച്ചിവയലില്‍ നായക(45)ത്തിനാണ് പരിക്കേറ്റത്.
നായകം അടുക്കളയിൽ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു കുരങ്ങ് വീടിനകത്തേക്ക് കയറിവന്നത്. തുടർന്ന് കുരങ്ങ് അക്രമാസക്തനാവുകയായിരുന്നു. പരിക്കേറ്റ വീട്ടമ്മയെ ഉടനെ തന്നെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കാലിന്റെ എല്ല് പൊട്ടിയിട്ടുള്ളതായി കണ്ടതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സിക്കായി ഉദുമല്‍പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചന്ദന റിസര്‍വിനോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമമാണ് നാച്ചിവയല്‍. ഇവിടെ കുരങ്ങുകളുടെ ആക്രമണം പതിവാണെന്ന് നാട്ടുകാർ നിരന്തരമായി പരാതിപ്പെടുന്നുണ്ട്. കുരങ്ങുകൾ പലപ്പോഴും വീടിനകത്ത് വരെ കയറി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വീട്ടിൽ നിന്നും ഭക്ഷണസാധനങ്ങൾ ഇവ മോഷ്ടിച്ചു കൊണ്ടുപോവുകയും വീട്ടുസാമഗ്രികൾക്കും കൃഷികൾക്കും നാശം വരുത്തുകയും ചെയ്യുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.
Discussion about this post