ന്യൂഡൽഹി: ശൈത്യകാലത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്ന് പോകുന്നത്. ഒക്ടോബർ പകുതിയിൽ നിന്നും ആരംഭിക്കുന്ന ഈ കാലം ജനുവരി പകുതിയോടെയാണ് സാധാരണയായി അവസാനിക്കാറുള്ളത്. സാധാരണയായി ശൈത്യകാലങ്ങളിൽ കൊടും തണുപ്പാണ് അനുഭവപ്പെടാറുള്ളത്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കടുത്ത മഞ്ഞുവീഴ്ചയും ഉണ്ടാകാറുണ്ട്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമാണ് ഇത്തവണത്തെ ശൈത്യകാലം എന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കൊടുംതണുപ്പുണ്ടാകാറുള്ള നവംബറിൽ വേനലിനോട് സമാനമായ ചൂട് ആയിരുന്നുവേ്രത അനുഭവപ്പെട്ടത്.
നിലവിൽ കേരളത്തിൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുലർച്ചെയും വൈകീട്ടും മാത്രമാണ് തണുപ്പ് അനുഭവപ്പെടുന്നത്. ബാക്കിയുള്ള സമയങ്ങളിൽ വേനലിനോട് സാമ്യമുള്ള ചൂടാണ്. എന്താണ് ഇതിന് കാരണം?. കാലാവസ്ഥാ വിദഗ്ധർക്ക് ഇതേക്കുറിച്ച് പലതും പറയാനുണ്ട്. 1901 ന് ശേഷം നവംബറിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത് ഈ വർഷമാണ്. ഉത്തരേന്ത്യയിൽ ഉൾപ്പെടെ പലഭാഗങ്ങളിലും താപനില 30 ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തി. പലഭാഗത്തും ശീതതരംഗവും കുറവായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ എല്ലാം ആറിലധിതം ശീതതരംഗം റിപ്പോർ്ട്ട ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കുറി നാല് ശീതതരംഗം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഈ മാസവും സമാന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ലാ നിന പ്രതിഭാസത്തിന്റെ അഭാവം ആണ് രാജ്യത്തെ ഈ തണുപ്പ് കുറഞ്ഞ കാലാവസ്ഥയ്ക്ക് കാരണം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതാണ് ഈ പ്രതിഭാസം. ഇത് കൊടുംതണുപ്പിന് കാരണം ആകുന്നു.
അതേസമയം ഡിസംബറിൽ ചിലയിടങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടാനുള്ള സാദ്ധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളിക്കളയുന്നില്ല. ബിഹാറിൽ ചെറിയ മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. ഡൽഹി, യുപി എന്നിവിടങ്ങളിലെ പലഭാഗങ്ങളിലും കഠിനമായ തണുപ്പ് അനുഭവപ്പെടാം. ഇതേസമയം കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ മഞ്ഞിന് പകരം കനത്ത മഴയാകും അനുഭവപ്പെടുക.
Discussion about this post