മാട്രിഡ്: സ്‌പെയിനിൽ കുട്ടികൾക്കിടയിൽ വെയർവൂൾഫ് സിൻഡ്രം വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇതിനോടകം തന്നെ 11 ഓളം കുട്ടികളിൽ ഈ ശാരീരിക അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പേര് സൂചിപ്പിക്കുന്നത് പോലെ ചെന്നായയെ പോലെ ശരീരത്തിൽ അമിത രോമവളർച്ച പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗം. ഹൈപ്പർട്രൈക്കോസിസ് എന്നാണ് ഈ രോഗാവസ്ഥയുടെ യഥാർത്ഥ പേര്.
നവര ഫാർമക്കോ വിജിലൻസ് സെന്റർ ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ അവസ്ഥ കാണപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കൾ മുടികൊഴിച്ചിലിനുള്ള മരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മുടികൊഴിച്ചിൽ തടയുന്നതിനായി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മിനോക്‌സിഡിൽ ആണ് കുട്ടികളിൽ വെയർവൂൾഫ് സിൻഡ്രത്തിന് കാരണം ആകുന്നത്. രോഗാവസ്ഥ സ്ഥിരീകരിച്ച കുട്ടികളുടെ രക്ഷിതാക്കളിൽ നടത്തിയ പഠനത്തിൽ ആയിരുന്നു ഈ കണ്ടെത്തൽ.
രക്ഷിതാക്കളിൽ നടത്തിയ പഠനത്തിൽ മുഴുവൻ പേരും മിനോക്‌സിഡിൽ അടങ്ങിയ എണ്ണ, ക്രീം, മരുന്ന്, എന്നിവ ഉപയോഗിക്കുന്നുണ്ട്. ഈ മരുന്നിന്റെ പ്രവർത്തന ഫലമായി കുട്ടികളുടെ കൈകാലുകൾ, പുറം, മുഖം,തുടങ്ങി എല്ലാ ഭാഗത്തും അമിതമായ രോമം വളരും. മുടിപോലെയായിരിക്കും ഇവയുടെ വളർച്ച. കുട്ടികളുടെ ഉള്ളിലേക്ക് വായ വഴിയും അല്ലാതെയും ഈ മരുന്ന് എത്തുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ലോകത്ത് ഇതാദ്യമായിട്ടല്ല വെയർവൂൾഫ് സിൻഡ്രം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം മലേഷ്യയിലും സമാന കേസ് റിപ്പോർട്ട് ചെയ്തിരുന്നു. മുലകുടിയ്ക്കുന്ന കുഞ്ഞിൽ ആയിരുന്നു പെട്ടെന്ന് ഈ രോഗാവസ്ഥ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ പഠനത്തിൽ പ്രസവ ശേഷം കുഞ്ഞിന്റെ പിതാവ് മിനോക്സിഡിൽ ഉപയോഗിച്ചതായി വ്യക്തമാകുകയായിരുന്നു. ഇതേ തുടർന്ന് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു.
Discussion about this post