ന്യൂഡൽഹി : 2024ലെ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ആണ് ബിൽ പാസാക്കിയത്. പുതിയ നിയമ ഭേദഗതികളിലൂടെ ബാങ്കിംഗുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും.
നിക്ഷേപകർക്ക് അവരുടെ ബാങ്കിലും സ്ഥിര നിക്ഷേപ അക്കൗണ്ടുകളിലും പരമാവധി നാല് നോമിനികളെ ചേർക്കാൻ അനുവദിക്കുന്നതാണ് പുതിയ നിയമ ഭേദഗതി എന്നുള്ളതാണ് ഒരു പ്രധാന സവിശേഷത. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, നിക്ഷേപകൻ്റെ ബാങ്ക് അക്കൗണ്ടിലോ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളിലോ ഒരാൾക്ക് മാത്രമേ നോമിനിയാകാൻ അനുവാദമുള്ളൂ. അതിനാൽ തന്നെ ഇനിമുതൽ നാല് നോമിനികളെ വരെ ചേർക്കാൻ കഴിയുന്നത് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകും എന്നാണ് വിലയിരുത്തൽ.
ബാങ്ക് ഓഡിറ്റിംഗിൻ്റെ നിലവിലുള്ള അഞ്ച് നിയമങ്ങളിൽ 19 ഭേദഗതികളും പുതിയ ബാങ്കിംഗ് നിയമം നിർദ്ദേശിക്കുന്നു. നിയമാനുസൃത ഓഡിറ്റർമാരുടെ പ്രതിഫലം തീരുമാനിക്കുന്നതിൽ ബാങ്കുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ വ്യവസ്ഥകൾ. കൂടാതെ റെഗുലേറ്ററി റിപ്പോർട്ടിംഗ് സമയപരിധി നിലവിലുള്ള 2-ഉം 4-ഉം വെള്ളിയാഴ്ചകൾക്ക് പകരം എല്ലാ മാസവും 15-ാമത്തെ ദിവസവും അവസാനത്തെ വെള്ളിയാഴ്‌ചകളിലേക്കും മാറ്റിയിട്ടുണ്ട്.
Discussion about this post