ചെന്നൈ: തമിഴ്നാട്ടിൽ മലിനജലം കുടിച്ച് മൂന്ന് പേർ മരിച്ചു. ചെന്നൈയ്ക്ക് സമീപമുള്ള പല്ലാവരത്താണ് സംഭവം. 23 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് പൈപ്പിലൂടെ വിതരണം ചെയ്ത കുടിവെള്ളം മലിനജലം ആയതാണ് ദുരന്തകാരണമായത്.
മലൈമേട്, മാരിയമ്മൻ കോവിൽ സ്ട്രീറ്റ്, മുതലമ്മൻ കോവിൽ സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് മലിനജലം കുടിച്ചതിലൂടെ രോഗ ബാധ ഉണ്ടായത്. ആരോഗ്യസ്ഥിതി മോശമായവരെ ക്രോംപേട്ട് ഗവ. ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് കാരണം കുടിവെള്ളം മലിനമായതാണോയെന്ന് പരിശോധിക്കാൻ തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ ഉത്തരവിട്ടു.
പൈപ്പ് വെള്ളം കുടിക്കരുതെന്ന് ഈ പ്രദേശത്തെ ജനങ്ങളോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി ടി.എം.അൻബരശൻ ദുരിതബാധിത പ്രദേശം സന്ദർശിക്കുകയും അടിയന്തര മെഡിക്കൽ ക്യാമ്പ് തുടങ്ങാൻ ഉത്തരവിടുകയും ചെയ്തു. തമിഴ്നാട്ടിൽ അടുത്തിടെ ഉണ്ടായ ചുഴലിക്കാറ്റിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ മലിനമായ വെള്ളമാണ് കുടിവെള്ളമായി വിതരണം ചെയ്തത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Discussion about this post