ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കേസെടുത്തതില്‍ നിയമോപദേശം തേടി നടന്‍ അല്ലു അർജുൻ. മനപൂർവമല്ലാത്ത നരഹത്യക്കാണ് അല്ലു അർജുനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ മൈത്രി മൂവി മേക്കേഴ്സ് ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു സംഭവം നിർഭാഗ്യകരമെന്ന് സിനിമയുടെ നിർമാതാക്കള്‍ അറിയിച്ചു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് സാധ്യമായ എന്ത് പിന്തുണയും നൽകുമെന്നും നിർമാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
അപകടം നടന്ന സന്ധ്യ തിയറ്റര്‍ മാനേജ്‌മെന്റിനെതിരെയും അല്ലു അർജുന്റെ സെക്യൂരിറ്റി ടീമിനെതിരെയും കേസെടുക്കുമെന്ന് ഹൈദരാബാദ് പോലീസ് നേരത്തെ അറിയിച്ചിരുന്നു. താരത്തിന്റെ സെക്യൂരിറ്റി ടീമിന്റെ ഭാഗത്തുനിന്നും ഉണ്ടായ പിഴവുകളും വീഴ്ചകളും ആണ് ഇത്തരത്തിൽ ഒരു ദുരന്തത്തിൽ കലാശിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് പ്രീമിയർ ഷോയ്ക്കിടെ അല്ലു അർജുൻ എത്തുകയും തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിക്കുകയും ചെയ്തത്. ഹൈദരാബാദ് സ്വദേശിയായ രേവതി (39) ആണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
Discussion about this post