തിരുവനന്തപുരം : മുൻഗണന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിന് അർഹതയുണ്ടായിട്ടും ലഭിക്കാത്തവർ ആണോ നിങ്ങൾ? റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇനി നാലു ദിവസത്തെ സമയം കൂടി മാത്രമാണ് ബാക്കിയുള്ളത്. ഇതിനായി ഡിസംബർ 10 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാവന്നതാണ് . തുടർ പരിശോധനകൾ പൂർത്തിയാക്കിയാൽ അർഹതയുള്ളവർക്ക് മുൻഗണന കാർഡുകൾ നൽകുന്നതായിരിക്കും.
അറുപതിനായിരം മുൻഗണനാ കാർഡുകളാണ് കേരളം വിതരണം ചെയ്യാനിരിക്കുന്നത്. 12000 മഞ്ഞ കാർഡും 48000 പിങ്ക് കാർഡുകളുമാണ് വിതരണം ചെയ്യുക. അക്ഷയ കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും അപേക്ഷകൾ സ്വീകരിക്കുക. കളക്ടർ, ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിൽ റേഷൻ കാർഡ് മുൻഗണനാക്രമത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കില്ല.
അനർഹരെ കണ്ടെത്താൻ ഭക്ഷ്യവകുപ്പ് നടത്തിയ ‘ഓപ്പറേഷൻ യെല്ലൊ’ പരിശോധനയിൽ 1.75 ലക്ഷം കാർഡുകൾ ആയിരുന്നു കണ്ടെത്തിയിരുന്നത്. ഇങ്ങനെ അർഹതയില്ലാത്തവരുടെ കാർഡുകൾ സറണ്ടർ ചെയ്തത് ആണ് പുതുതായി മുൻഗണന വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തി വിതരണം ചെയ്യുന്നത്. മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്ക് കേന്ദ്രസർക്കാരിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങളും ലഭിക്കുന്നതായിരിക്കും.
2009 ലെ ബിപിഎൽ പട്ടികയിലുൾപ്പെട്ട സാക്ഷ്യപത്രം, 2009 ലെ ബിപിഎൽ പട്ടികയിലുൾപ്പെടാത്ത കുടുംബങ്ങൾ മുൻഗണനാ വിഭാഗത്തിലേക്ക് അർഹരാണെന്ന തദേശസ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, വീടില്ലാത്തവർ പഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലമില്ലാത്തവർ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ്, വീടിന്‍റെ വിസ്തീർണം കാണിക്കുന്ന സർട്ടിഫിക്കറ്റ്, നികുതിച്ചീട്ട് പകർപ്പ്, ഗുരുതര രോഗങ്ങളുള്ളവർ ഡോക്ടറുടെ സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽചെയ്തു ജീവിക്കുന്നവർ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം എന്നിവയാണ് മുൻഗണന കാർഡ് ലഭിക്കുന്നതിനായി അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട രേഖകൾ.
Discussion about this post