ഈ വര്‍ഷം ആഗോള തലത്തില്‍ മികച്ച പ്രകടനം നടത്തുന്നതും മോശം പ്രകടനം നടത്തുന്നതുമായ വിമാനകമ്പനികളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് എയര്‍ഹെല്‍പ് ഇന്‍കോര്‍പ്പറേറ്റ് പുറത്തുവിട്ടത്. ഇതിലെ 109 വിമാനകമ്പനികളില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ 103-ാം സ്ഥാനത്തായിരുന്നു. അതായത് ഏറ്റവും മോശം എയര്‍ലൈനുകളുടെ പട്ടികയിലായിരുന്നു ഇന്‍ഡിഗോ. ഇപ്പോഴിതാ പട്ടിക തള്ളി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്‍ഡിഗോ.
ഇന്ത്യയുടെ ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിമാനക്കമ്പനികളുടെ കൃത്യതയെക്കുറിച്ചും ഉപഭോക്തൃ പരാതികളെക്കുറിച്ചും പ്രതിമാസ ഡാറ്റ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും സ്ഥിരമായി കൃത്യസമയം പാലിക്കുന്നതില്‍ ഇന്‍ഡിഗോ ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടുണ്ടെന്നും ഇന്‍ഡിഗോ അവകാശപ്പെട്ടു. ഉപഭോക്തൃ പരാതികള്‍ കുറവാണെന്നും ഇന്‍ഡിഗോ വ്യക്തമാക്കി
എയര്‍ ഹെല്‍പ്പിന്റെ ഡാറ്റ ആഗോള വ്യോമയാന വ്യവസായം ഉപയോഗിക്കുന്ന രീതികളോ മാനദണ്ഡങ്ങളോ കണക്കിലെടുക്കുന്നതല്ലെന്നും ഇന്ത്യയില്‍ നിന്നുള്ള എയര്‍ലൈന്‍ സര്‍വീസുകള്‍ കണക്കിലെടുക്കുന്നില്ലെന്നും ഇത് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയില്‍ തന്നെ സംശയം ജനിപ്പിക്കുന്നെന്നും ഇന്‍ഡിഗോ പറയുന്നു.
‘ഇന്ത്യയുടെ ഏറ്റവും ഇഷ്ടപ്പെട്ട എയര്‍ലൈന്‍ എന്ന നിലയില്‍ സര്‍വേയുടെ കണ്ടെത്തലുകള്‍ തള്ളിക്കളയുന്നുവെന്നും ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത്, താങ്ങാനാവുന്നതും മികച്ചതും തടസങ്ങളില്ലാത്തതുമായ യാത്രാ അനുഭവമാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും കമ്പനി പറയുന്നു.
Discussion about this post