ചെന്നൈ : ഫെൻജെൽ ചുഴലിക്കാറ്റ് ദുരിതം വിതച്ച തമിഴ്നാടിന് 944.80 കോടി രൂപയുടെ കേന്ദ്ര സഹായം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് തമിഴ്നാടിനുള്ള സഹായം അനുവദിച്ച് ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിനുള്ള കേന്ദ്ര വിഹിതത്തിൻ്റെ രണ്ട് ഗഡുക്കളാണ് തമിഴ്നാടിനായി ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റിനെ തുടർന്നുള്ള നാശനഷ്ടം വിലയിരുത്താനായി പ്രത്യേക കേന്ദ്ര സംഘം ഉടൻ തന്നെ സംസ്ഥാനം സന്ദർശിക്കും.
തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് ആണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേന്ദ്ര സംഘത്തെ അയച്ചിരിക്കുന്നത്. ഇവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് അധിക സഹായം അനുവദിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫെൻജെൽ ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപയുടെ സഹായമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഡിസാസ്റ്റർ മാനേജ്മെൻ്റ് ജോയിൻ്റ് സെക്രട്ടറി രാജേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വിശദമായ വിലയിരുത്തലനായി തമിഴ്നാട്ടിൽ സന്ദർശനത്തിന് എത്തുന്നത്.








