ന്യൂഡല്‍ഹി : രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ. വിവിധ സംസ്ഥാനങ്ങളിലായി 21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് എന്നാണ് യുജിസി റിപ്പോർട്ടിൽ ഉള്ളത്. കേരളത്തിലും രണ്ട് വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് യുജിസി റിപ്പോർട്ടിലുള്ള വിവരം.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, കേരളം, കേന്ദ്രഭരണ പ്രദേശമായ ഡൽഹി എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളിലായാണ് 21 വ്യാജ സർവകലാശാലകൾ കണ്ടെത്തിയിട്ടുള്ളത്. ഈ സർവകലാശാലകൾ നൽകുന്ന ബിരുദങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനോ തൊഴിൽ ആവശ്യങ്ങൾക്കോ വേണ്ടി അംഗീകരിക്കില്ല. അതിനാൽ തന്നെ ഇത്തരം സർവകലാശാലകളിൽ ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ട് യാതൊരു ഉപകാരവും ലഭിക്കില്ല എന്നും യുജിസി വ്യക്തമാക്കുന്നു.
യുജിസിയുടെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വ്യാജ സര്‍വകലാശാലകള്‍ക്ക് ബിരുദങ്ങൾ നൽകാനുള്ള നിയമസാധുത ഇല്ലെന്നാണ് യുജിസി വ്യക്തമാക്കുന്നത്. ഉയർന്ന ഫീസ് ഈടാക്കിയാണ് വ്യാജ സർവകലാശാലകൾ വിദ്യാർത്ഥികളെ ചേർക്കുന്നത്. എന്നാൽ ഇത്തരത്തിൽ വലിയ തുക മുടക്കി സർവകലാശാലകളിൽ ചേരുമ്പോൾ അവ അംഗീകൃതം ആണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യം ആണെന്നും യുജിസി അറിയിക്കുന്നു. വ്യാജ സർവകലാശാലകളിൽ നിന്നുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ ജോലികൾക്കോ വിദേശയാത്രകൾക്കോ അംഗീകരിക്കില്ല എന്നും യുജിസി അറിയിച്ചു.
യുജിസി കണ്ടെത്തിയ വ്യാജ സർവകലാശാലകൾ ഇവയാണ്,
ഡൽഹി:
1. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ്
2. വാണിജ്യ സർവകലാശാല, ദര്യഗഞ്ച്
3. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി
4. വൊക്കേഷണൽ യൂണിവേഴ്‌സിറ്റി
5. ADR-കേന്ദ്രീകൃത ജൂറിഡിക്കൽ യൂണിവേഴ്‌സിറ്റി
6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിങ്
7. സ്വയം തൊഴിലിനായുള്ള വിശ്വകർമ ഓപ്പൺ യൂണിവേഴ്‌സിറ്റി
8. ആധ്യാത്മിക് വിശ്വവിദ്യാലയം
ഉത്തർപ്രദേശ്:
1. ഗാന്ധി ഹിന്ദി വിദ്യാപീഠം
2. മഹാമായ സാങ്കേതിക സർവകലാശാല
3. നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി (ഓപ്പൺ യൂണിവേഴ്‌സിറ്റി)
4. ഭാരതീയ ശിക്ഷാ പരിഷത്ത്
ആന്ധ്രപ്രദേശ്:
1. ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്‍റ് ഡീംഡ് യൂണിവേഴ്‌സിറ്റി
2. ബൈബിൾ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യ
പശ്ചിമ ബംഗാൾ:
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ
2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്
കർണാടക:
1. ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി
മഹാരാഷ്ട്ര:
1. രാജ അറബിക് യൂണിവേഴ്‌സിറ്റി
പുതുച്ചേരി :
1. ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ
കേരളം
1. ഇന്‍റര്‍നാഷണൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിൻ (IIUPM)
2. സെന്‍റ് ജോൺസ് യൂണിവേഴ്‌സിറ്റി
Discussion about this post