തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരുന്നതിനാണ് ചൈനയില്‍ നിന്നുള്ള ഒരു യുവതിക്ക് സമ്മാനമായി 10,000 യുവാന്‍ (1,400 യുഎസ് ഡോളര്‍). അതായത് ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ ലഭിച്ചത്. നവംബര്‍ 29 ന് ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ നടന്ന മത്സരത്തിലാണ് ഈ സമ്മാനം.
100 അപേക്ഷകരില്‍ നിന്ന് 10 മത്സരാര്‍ത്ഥികളെയാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്. മത്സരത്തിന്റെ സംഘാടകര്‍ നല്‍കുന്ന കിടക്കയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ എട്ട് മണിക്കൂര്‍ ചെലവഴിക്കുകയാണ് മത്സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്. മത്സരത്തിന് മുമ്പ്, മത്സരാര്‍ത്ഥികള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സംഘാടകര്‍ക്ക് നല്‍കണം. കൂടാതെ ഐപാഡുകളും ലാപ്ടോപ്പുകളും ഉള്‍പ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാനും അനുവാദമില്ല. അടിയന്തിരമായി കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ സംഘാടകര്‍ നല്‍കുന്ന കോളിംഗ് ശേഷി മാത്രമുള്ള പഴയ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവുന്നതാണ്.
കിടക്കയില്‍ നിന്ന് അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവാദമില്ല. ടോയ്ലറ്റില്‍ പോകാനുള്ള അഞ്ച് മിനിറ്റ് ബ്രേക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഭക്ഷണപാനീയങ്ങള്‍ കിടക്കയില്‍ ഇരുന്നു തന്നെ കഴിക്കണം. എട്ടുമണിക്കൂര്‍ സമയത്തെ മത്സരാര്‍ത്ഥികളുടെ ഉറക്കത്തിന്റെ അളവും ഉല്‍ക്കണ്ഠയും റിസ്റ്റ് സ്ട്രാപ്പുകള്‍ ഉപയോഗിച്ച് പരിശോധിച്ചാണ് വിജയിയെ കണ്ടെത്തുക.
മത്സരത്തിനൊടുവില്‍ ഡോങ് എന്ന യുവതിയെ വിജയിയായി തെരഞ്ഞെടുത്തു. 100 -ല്‍ 88.99 പോയിന്റ് നേടിയാണ് ഇവര്‍ ചാമ്പ്യനായത്. ഏറ്റവും കൂടുതല്‍ സമയം കിടക്കയില്‍ ചെലവഴിക്കുകയും എന്നാല്‍, ഗാഢനിദ്രയിലേക്ക് വഴുതി വീഴാതിരിക്കുകയും ഉല്‍ക്കണ്ഠ ഏറ്റവും കുറവ് പ്രകടിപ്പിക്കുകയും ചെയ്ത മത്സരാര്‍ത്ഥിയായിരുന്നു ഡോങ് .
Discussion about this post