ന്യൂഡൽഹി : ഡൽഹിയിലെ വിവിധ മേഖലകളിലായി അനധികൃതമായി കഴിഞ്ഞു വരുന്ന ബംഗ്ലാദേശി തൊഴിലാളികളെ ഉടൻ നാടുകടത്തണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഹസ്രത്ത് നിസാമുദ്ദീൻ ദർഗ പ്രദേശത്തെ പുരോഹിതരുടെയും താമസക്കാരുടെയും പ്രതിനിധി സംഘം ശനിയാഴ്ച ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേനയെ കണ്ടു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആവശ്യം ഉയർന്നിരിക്കുന്നത്.
അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി തിരിച്ചയക്കുന്നതിന് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലുള്ള ദൗത്യം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥയും ആ രാജ്യത്തെ നിലവിലെ അവസ്ഥയും ആശങ്കാജനകമാണെന്ന് പ്രതിനിധി സംഘം ഗവർണർക്ക് സമർപ്പിച്ച കത്തിൽ വ്യക്തമാക്കുന്നു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. പോലീസും സൈന്യവും പോലും ഇതിന് നേതൃത്വം നൽകുന്നു. ഈ സാഹചര്യത്തിൽ ഡൽഹിയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാർക്കെതിരെ കർശന നടപടി ആവശ്യമാണ്. അവർക്ക് ഒരു സ്ഥാപനത്തിലും ജോലിയോ വാടകയ്ക്ക് താമസമോ നൽകരുതെന്ന് പ്രതിനിധി സംഘം വ്യക്തമാക്കി.
സർക്കാർ ഭൂമി, നടപ്പാതകൾ, പാർക്കുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഇത്തരക്കാരുടെ കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ ഡൽഹി പൊലീസിനും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും നിർദേശം നൽകണമെന്നും പ്രതിനിധി സംഘം ഗവർണർക്ക് സമർപ്പിച്ച കത്തിൽ പറയുന്നു.
Discussion about this post