ജയ്പൂർ : അതിർത്തി കടന്നുവരുന്ന ഡ്രോണുകളുടെ ഭീഷണി വൈകാതെ തന്നെ അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തി സുരക്ഷ വർധിപ്പിക്കുന്നതിനായി ഇന്ത്യ ഉടൻ തന്നെ സമഗ്രമായ ആൻ്റി ഡ്രോൺ യൂണിറ്റ് സ്ഥാപിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജോധ്പൂരിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൻ്റെ (ബിഎസ്എഫ്) 60-ാമത് ഫൗണ്ടേഷൻ പരേഡിൽ സംസാരിക്കവേ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഈ പ്രഖ്യാപനം.
ഇന്ത്യ-പാകിസ്താൻ അതിർത്തി വഴി, പ്രത്യേകിച്ച് പഞ്ചാബ് പോലെയുള്ള പ്രദേശങ്ങളിൽ ഡ്രോണുകളിലൂടെ മയക്കുമരുന്ന് കടത്ത് അടക്കം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഈ പ്രഖ്യാപനം. ഡ്രോണുകളിൽ നിന്നുള്ള ഭീഷണി ഭാവിയിൽ കൂടുതൽ ശക്തമാകുമെന്ന് കരുതുന്നതിനാൽ ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളിയെ നേരിടാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണെന്നും അമിത് ഷാ അറിയിച്ചു.
ലേസർ സജ്ജീകരിച്ച ആൻ്റി-ഡ്രോൺ ഗൺ സിസ്റ്റത്തിലെ പ്രോഗ്രാമിൻ്റെ പ്രാരംഭ ഫലങ്ങൾ മികച്ച ഫലമാണ് നൽകുന്നത് എന്നും അമിത് ഷാ അറിയിച്ചു. ഇത് ഡ്രോണുകളുടെ ന്യൂട്രലൈസേഷനിൽ കാര്യമായ പങ്ക് തന്നെ വഹിക്കുന്നു. പഞ്ചാബിലെ വിവിധ മേഖലകളിൽ ഈ സംവിധാനം വഴി ഈ വർഷം മാത്രം 260-ലധികം ഡ്രോണുകൾ വിജയകരമായി തടഞ്ഞതായും അമിത് ഷാ വ്യക്തമാക്കി.
Discussion about this post