തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളില്‍ വ്യാപക തട്ടിപ്പ് നടക്കുന്നുവെന്ന് പരാതി. ഇന്ധനം നിറയ്ക്കുന്നവരെ ഊറ്റിയാണ് ചില പമ്പുകാരുടെ തട്ടിപ്പ്. പണം കൊടുത്ത് പെട്രോള്‍ അടിക്കുന്നവരെ തട്ടിച്ച് കൊള്ളലാഭമുണ്ടാക്കാനാണ് ചില പമ്പുകളുടെ ശ്രമം.
അത്തരത്തിലൊരു സംഭവമാണ് തിരുവനന്തപുരം വിഴിഞ്ഞത്ത് നടന്നത്. വിഴിഞ്ഞം മുക്കോലയിലെ പമ്പില്‍ നിന്ന് 500 രൂപയ്ക്ക് എണ്ണയടിച്ച ശേഷമാണ് രോഗിയുമായി ആംബുലന്‍സ് യാത്ര തുടര്‍ന്നത്. എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ ഇന്ധനം തീരുകയും ഈ വാഹനം വഴിയില്‍ നിന്നുപോവുകയും ചെയ്തു. ഇതിന് പിന്നാലെ സംഭവത്തില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് നാട്ടുകാര്‍ രാത്രി പമ്പ് ഉപരോധിക്കുകയും ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ എത്തിയതോടെയാണ് വമ്പന്‍ തട്ടിപ്പ് പുറത്തായത്. 500 രൂപ കൈപ്പറ്റിയ ശേഷം അടിച്ചത് വെറും രണ്ട് രൂപയുടെ ഇന്ധനം മാത്രം.
ക്രമക്കേട് സ്ഥീരീകരിച്ചതിന് പിന്നാലെ അധികൃതര്‍ പമ്പ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. അപകടത്തില്‍ പരുക്കേറ്റ ആളുമായി നഗരത്തിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു ആംബുലന്‍സ്. ഇന്ധന ബില്‍ പരിശോധിച്ചപ്പോള്‍ 2.14 രൂപയ്ക്കുള്ള 0.02 ലിറ്റര്‍ പെട്രോള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന് മനസ്സിലാക്കി. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ കയറ്റിവിട്ട ശേഷം പമ്പിലെത്തി വിവരം ചോദിക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു. ഇതൊരു പമ്പിലെ മാത്രം സ്ഥിതിയല്ല. ഈ സംഭവം വിവാദമായതിന് പിന്നാലെ പലരും തങ്ങളുടെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തുവന്നിട്ടുണ്ട്.
Discussion about this post