ജയ്പൂർ : പുഷ്പ 2 ടീമിനെതിരെ ഭീഷണിയുമായി കർണി സേന. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിലൂടെ ക്ഷത്രിയരെയും രജപുത്രരെയും അപമാനിച്ചതായി കർണിസേന ആരോപണമുന്നയിക്കുന്നു. പുഷ്പയുടെ നിർമ്മാതാക്കളെ തങ്ങൾ കൈകാര്യം ചെയ്യുമെന്നാണ് കർണി സേന രജപുത്രയുടെ നേതാവ് രാജ് ഷെഖാവത്ത് ഭീഷണി മുഴക്കിയിരിക്കുന്നത്.
പുഷ്പയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഭൻവർ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തിലൂടെ മുഴുവൻ രജപുത്രരെയും അപമാനിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കൾ ചെയ്തിരിക്കുന്നത്. സിനിമയിൽ ‘ഷെഖാവത്ത്’ എന്ന വാക്ക് ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നത് ഒരു സമുദായത്തെ തന്നെ അധിക്ഷേപിക്കാനാണ്. സിനിമയിൽ നിന്നും ഈ പേര് എത്രയും പെട്ടെന്ന് നീക്കിയില്ലെങ്കിൽ നിർമ്മാതാക്കൾക്കെതിരെ ആക്രമണം നടത്തും എന്നാണ് രാജ് ഷെഖാവത്ത് അറിയിച്ചിരിക്കുന്നത്.
മുൻപ് ബോളിവുഡ് ചിത്രങ്ങളായ ജോധ അക്ബർ, പദ്മാവത് എന്നിവയ്ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിട്ടുള്ള സംഘടനയാണ് രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർണി സേന. പദ്മാവത് എന്ന ചിത്രത്തിന്റെ പേരുമാറ്റം പോലും ഈ സംഘടനയുടെ ഭീഷണിയെ തുടർന്നായിരുന്നു. സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സും മുട്ടംസെട്ടി മീഡിയയും ചേർന്ന് നിർമ്മിച്ച ചിത്രമാണ് പുഷ്പ 2. ‘ഷെഖാവത്ത്’ എന്ന വാക്ക് സിനിമയിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ കർണി സേന അവരുടെ വീട്ടിൽ കയറി തല്ലും എന്നാണ് ഇപ്പോൾ പുഷ്പ നിർമ്മാതാക്കൾക്കെതിരെ ഭീഷണി ഉയർന്നിട്ടുള്ളത്.
Discussion about this post