തിരുവനന്തപുരം : നാലു വയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ച അധ്യാപികക്കെതിരെ കേസ്. തിരുവനന്തപുരം കല്ലോട്ടുമുക്ക് ഓക്‌സ്ഫോർഡ് സ്‌കൂളിലെ അധ്യാപികക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ശുചിമുറിയിൽ പോയതിന്റെ പേരിലാണ് എൽകെജി വിദ്യാർത്ഥിനിയെ അധ്യാപിക സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ചത്.
സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയെ മുത്തശ്ശി കുളിക്കാനായി വിളിച്ചപ്പോഴാണ് അധ്യാപിക സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ചതായും വേദനിക്കുന്നതായും കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ കുട്ടിയുടെ മുത്തശ്ശി കുട്ടിയെയും കുട്ടി സ്കൂളിൽ എത്തി പരാതിപ്പെട്ടു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അധ്യാപിക കുട്ടിയെ ഉപദ്രവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഉച്ചയ്ക്ക് ശുചിമുറിയിൽ പോയതിന്റെ പേരിലായിരുന്നു നാലുവയസ്സുകാരിയെ അധ്യാപിക വഴക്ക് പറയുകയും മുറിവേൽപ്പിക്കുകയും ചെയ്തത്. കുട്ടിയുടെ വീട്ടുകാർ അധ്യാപികക്കെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസ് എടുത്തതായും തെളിവുകൾ പരിശോധിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പോലീസ് വ്യക്തമാക്കി. അധ്യാപികയെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
Discussion about this post