കോഴിക്കോട്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച വടകര സ്വദേശി ആൽവിന്റെ (20) പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്ത്. ആൽവിൻ മരിച്ചത് ആന്തരിക ക്ഷതമേറ്റാണെന്ന് ആണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് മരണകാരണം. വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. ആന്തരിക രക്തസ്രാവും ഉണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, കാറോടിച്ച സാബിദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ‘റീൽസ്’ ചിത്രീകരിക്കാനായി കാറുകൾ അമിതവേഗത്തിൽ കുതിക്കുകയായിരുന്നു. രാവിലെ ഏഴോടെയാണു ആൽവിനും സംഘവും വെള്ളയിൽ സ്റ്റേഷനു മുൻവശത്തുള്ള റോഡിൽ എത്തിയത്. ആൽവിനെ സ്റ്റേഷനു മുൻപിൽ ഇറക്കിയ ശേഷം കാറുകൾ മുന്നോട്ടു പോയി തിരിഞ്ഞു വരികയും ആൽവിൻ റോഡിന്റെ മധ്യത്തിൽ നിന്നു ഇത് ചിത്രീകരിക്കുകയുമായിരുന്നു.
അതിവേഗത്തിൽ കുതിച്ചു വരുന്ന കാറുകൾ കണ്ട് ആൽവിൻ റോഡരികിലേക്കു മാറിയെങ്കിലും കാർ ആൽവിനെ ഇടിച്ചു തെറിപ്പിച്ചു. കാറുകളിലുണ്ടായിരുന്നവർ ഉടൻ ആൽവിനെ എടുത്തു കാറിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Discussion about this post