വനിതാ ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം സ്മൃതി മന്ദാന. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറി നേടിയാണ് സ്മൃതി മന്ദാന ചരിത്രമെഴുതിയത്. ഒരു വർഷത്തിൽ നാല് ഏകദിന സെഞ്ചുറികൾ നേടുന്ന ആദ്യ വനിതാ താരമായാണ് സ്മൃതി മാറിയിരിക്കുന്നത്. സ്മൃതിയുടെ ഒമ്പതാം ഏകദിന സെഞ്ച്വറി കൂടിയാണിത്.
വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന നാലാമത്തെ താരമായും ഇതോടെ സ്മൃതി മന്ദാന മാറി. 105 റൺസാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ സ്മൃതി സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിൽ ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന സെഞ്ചുറി നേടുന്നത്.
ഒരു സിക്‌സും 14 ബൗണ്ടറിയും ഉൾപ്പെടെയായിരുന്നു ഇന്നത്തെ മത്സരത്തിൽ സ്മൃതി അടിച്ചെടുത്തത്. ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയിട്ടുള്ള താരങ്ങളിൽ ഷാർലറ്റിനും ചമരി അടപ്പട്ടിനും ഒപ്പം ഒൻപത് സെഞ്ചുറികളും ആയി ആണ് സ്മൃതി നാലാം സ്ഥാനത്ത് ഉള്ളത്. മെഗ് ലാനിങ്ങാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 15 സെഞ്ചുറികളാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിങ്ങ് നേടിയിട്ടുള്ളത് .
Discussion about this post