മണിക്കൂറിൽ 120 ഉൽക്കകൾ വരെ മാനത്ത് പെയ്യുന്ന അപൂർവ്വ ദൃശ്യത്തിന് സാക്ഷിയാകാൻ ഒരുങ്ങി ലോകം. 2024 ലെ ഏറ്റവും ആകർഷകമായ ഉൽക്കാ പ്രദർശനം എന്ന് വിളിക്കപ്പെടുന്ന ജെമിനിഡ് ഉൽക്കാവർഷം ഡിസംബർ 13, 14 പുലർച്ചെ വരെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.സെക്കൻഡിൽ 35 കി.മി വേഗതയിൽ ധാരാളം ജെമിനിഡ് ഉൽക്കകൾ വർഷിക്കും.
എല്ലാ വർഷവും ഡിസംബർ മാസം മദ്ധ്യേ മാനത്ത് ഏറെ ഉൽക്കകൾ കാണാറുണ്ട്. 2024ൽ ഡിസംബർ 4 മുതൽ 20 വരെയാണ് ഉൽക്കാവർഷമുള്ളത്. ഈ വർഷം ഉൽക്കാവർഷം ഏറ്റവും പാരമ്യത്തിൽ എത്തുന്നത് ഡിസംബർ 12, 13 തിയതികളിലായിരിക്കും. മണിക്കൂറിൽ 120 ഉൽക്കകൾ വരെ ഈ ദിവസങ്ങളിൽ കാണാനാകും. പ്രത്യേക ടെലസ്‌കോപ്പുകളോ ബൈനോക്കുലറുകളോ ഇല്ലാതെ നഗ്‌ന നേത്രങ്ങൾ കൊണ്ട് ജെമിനിഡ് ഉൽക്കാവർഷം മനുഷ്യർക്ക് ആസ്വദിക്കാം.
സാധാരണ ഉൽക്കകൾ ധൂമകേതുക്കളുമായി ബന്ധപ്പെട്ടതാണെങ്കിൽ ജെമിനിഡ് ഉൽക്കാവർഷം 3200 ഫേത്തോൺ എന്ന ഛിന്നഗ്രഹത്തിൻറെ അവശിഷ്ടങ്ങൾ കാരണം സംഭവിക്കുന്നതാണ്. മണിക്കൂറിൽ 241,000 കിലോമീറ്റർ വേഗത്തിലാണ് ഈ ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. വെള്ള, മഞ്ഞ, പച്ച, നീല, ചുവപ്പ് എന്നീ നിറങ്ങൾ ജെമിനിഡ് ഉൽക്കാവർഷം മാനത്ത് സൃഷ്ടിക്കും. രാസഘടനയുടെ പ്രത്യേകതകൾ കാരണമാണ് ജെമിനിഡ് ഉൽക്കാവർഷം ആകാശത്ത് നിറങ്ങളുടെ വിസ്മയം തീർക്കുന്നത്.
Discussion about this post