ന്യൂഡൽഹി : റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനായി രാഷ്ട്രപതി നൽകുന്ന അത്താഴ വിരുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും ക്ഷണമില്ല. അതേസമയം കോൺഗ്രസ് എംപി ശശി തരൂരിനെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാഹുലിനെയും ഖാർഗെയെയും ഒഴിവാക്കിയതിൽ കോൺഗ്രസിൽ കടുത്ത പ്രതിഷേധം ഉയർന്നു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ബഹുമാനാർത്ഥം വെള്ളിയാഴ്ച രാത്രിയാണ് രാഷ്ട്രപതി ഭവനിൽ ഒരു പ്രത്യേക അത്താഴവിരുന്ന് ഒരുക്കിയിട്ടുള്ളത്.
അത്താഴ വിരുന്നിലേക്കുള്ള രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ചതിന് എംപി ശശി തരൂരിനെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തി. ശശി തരൂർ ക്ഷണം സ്വീകരിച്ചത് വളരെ അത്ഭുതകരമാണ്. മനസാക്ഷിയുള്ളവർ ഒരിക്കലും സ്വന്തം നേതാക്കളെ വിളിക്കാത്ത വിരുന്നിന്റെ ഭാഗമാകില്ല എന്നും കോൺഗ്രസ് പ്രതികരിച്ചു.
“പ്രസിഡന്റ് പുടിന്റെ ബഹുമാനാർത്ഥം ഇന്ന് രാത്രി നടക്കുന്ന അത്താഴവിരുന്നിന് ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ നിലവിലുണ്ട്. രണ്ട് പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടില്ല,” എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. അതേസമയം വിദേശകാര്യ സമിതിയുടെ ചെയർമാൻ എന്ന നിലയിലാണ് തനിക്ക് ക്ഷണം ലഭിച്ചിട്ടുള്ളത് എന്ന് ശശി തരൂർ എം പി വ്യക്തമാക്കി. ഇതൊരു പതിവ് രീതിയാണെന്നും തന്നെ ക്ഷണിച്ചിട്ടുള്ളതിനാൽ താൻ തീർച്ചയായും പോകും എന്നും ശശി തരൂർ അറിയിച്ചു.









Discussion about this post