ന്യൂഡൽഹി : ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി ന്യൂഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ വിജയകരമായ സന്ദർശനത്തിനുശേഷം തിരികെ മടങ്ങുന്നു. രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു സംഘടിപ്പിച്ച പ്രത്യേക വിരുന്നിൽ പങ്കെടുത്ത ശേഷമാണ് പുടിൻ യാത്രവുന്നത്. 2026 ൽ നടക്കാനിരിക്കുന്ന 24-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോസ്കോയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു.
ഇന്ത്യൻ പൈതൃകം വ്യക്തമാക്കുന്ന നിരവധി സ്നേഹസമ്മാനങ്ങൾ നൽകിയാണ് പ്രധാനമന്ത്രി മോദി തന്റെ പ്രിയ സുഹൃത്തിനെ യാത്രയാക്കിയത്. കശ്മീരി കുങ്കുമം മുതൽ അസം തേയില വരെയുള്ള വൈവിധ്യമാർന്ന സമ്മാനങ്ങളാണ് മോദി അദ്ദേഹത്തിന് നൽകിയത്.
ഫൈൻ അസം ബ്ലാക്ക് ടീ, സിൽവർ ടീ സെറ്റ്, മാർബിൾ ചെസ്സ് സെറ്റ്, കശ്മീരി കുങ്കുമം, വെള്ളിക്കുതിര, റഷ്യൻ ഭാഷയിലുള്ള ശ്രീമദ് ഭഗവദ്ഗീത എന്നിവയാണ് മോദി പുടിന് സമ്മാനങ്ങളായി നൽകിയത്.
രാഷ്ട്രപതി ഭവനിൽ എത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ, അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരുക്കിയ വിരുന്നിൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു സ്വീകരിച്ചു. ആചാരപരമായ സ്വീകരണത്തിൽ മുതിർന്ന മന്ത്രിമാർ, നയതന്ത്രജ്ഞർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. രാഷ്ട്രീയ, ബിസിനസ്, സാംസ്കാരിക മേഖലകളിലെ പ്രമുഖരും അതിഥികളായി പങ്കെടുത്തു. ഇന്ത്യൻ, റഷ്യൻ വിഭവങ്ങൾ സംയോജിപ്പിച്ച വിരുന്നാണ് രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ചിരുന്നത്. കശ്മീരി വാസ്വാൻ, പരമ്പരാഗത റഷ്യൻ ബോർഷ് തുടങ്ങിയ വിഭവങ്ങൾ ഈ പ്രത്യേക അത്താഴ വിരുന്നിൽ ഉൾപ്പെട്ടിരുന്നു.









Discussion about this post