ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് റിങ്കു സിങ്ങിനെ ഒഴിവാക്കിയതിനെക്കുറിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഫൈനലിൽ ബൗണ്ടറി നേടി ഇന്ത്യ വിജയിച്ചപ്പോൾ അത് നേടിയത് റിങ്കു ആയിരുന്നു. ശേഷം താരത്തിന് കാര്യമായ അവസരങ്ങൾ കിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്നു എങ്കിലും ഒരു മത്സരത്തിൽ പോലും ടീമിലിടം ലഭിച്ചില്ല.
പ്രോട്ടിയാസിനെതിരായ വരാനിരിക്കുന്ന ടി 20 പരമ്പരയിൽ റിങ്കുവിന് പകരം വാഷിംഗ്ടൺ സുന്ദറിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ടീം മാനേജ്‌മെന്റ് ഓൾ റൗണ്ടർമാർക്ക് കൊടുക്കുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. അതിനിടെ പരിക്കിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ച ഹാർദിക് പാണ്ഡ്യ കൂടി ടീമിലേക്ക് തിരിച്ചുവരുമ്പോൾ ഇനി റിങ്കുവിന് സാധ്യതകൾ കുറയും എന്നാണ് പത്താൻ പറയുന്നത്. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ തിരഞ്ഞെടുത്ത ടീം അടുത്ത വർഷത്തെ ടി20 ലോകകപ്പിൽ കളിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഹാർദിക് പാണ്ഡ്യ ടീമിൽ ഇല്ലാത്തത് കൊണ്ടാണ് റിങ്കു സിങ്ങിനെ തിരഞ്ഞെടുത്തത്. റിങ്കു നിർഭാഗ്യവാനാണ്, പക്ഷേ അതാണ് നടക്കാൻ പോകുന്നത്. 2026 ലെ ടി20 ലോകകപ്പിലേക്ക് ഇന്ത്യ ഈ ടീമിലെ 90-95% അംഗങ്ങളെ ആയിരിക്കും എടുക്കുക” പത്താൻ പറഞ്ഞു. ഫാസ്റ്റ് ബൗളർമാർ, ഓൾറൗണ്ടർമാർ, സ്പിന്നർമാർ എന്നിവരെക്കുറിച്ചുള്ള ടീമിന്റെ തീരുമാനങ്ങളെക്കുറിച്ചും പത്താൻ അഭിപ്രായപ്പെട്ടു. “ലോകകപ്പിൽ ടീം ഇന്ത്യയുടെ പ്രകടനത്തിന് ഹാർദിക്കിന്റെ പങ്ക് നിർണായകമായിരിക്കും. ഹാർദിക്കും മറ്റ് ഫിനിഷർമാരും പ്രധാന പങ്കുവഹിക്കേണ്ടിവരും, അവരുടെ പ്രകടനമായിരിക്കും ഇന്ത്യ ട്രോഫി നേടുമോ ഇല്ലയോ എന്ന് തീരുമാനിക്കുക. ബുംറ, ശിവം ദുബെ, ഹാർദിക്, അക്സർ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവർക്കൊപ്പം ഇന്ത്യ പോകണോ എന്നാണ് ഇനി തീരുമാനിക്കേണ്ടത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
2024-ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരാണ്.













Discussion about this post