ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം. പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലുണ്ടായ വീഴ്ചയെത്തുടർന്നാണ് ഇൻഡിഗോയുടെ ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയത്. ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുമെന്നും ഉത്തരവാദിത്തം പരിഹരിക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പ്രസ്താവന ഇറക്കി. പ്രസ്താവന പുറത്തുവന്ന് മിനിറ്റുകൾക്കുള്ളിൽ, കാലതാമസത്തിനും റദ്ദാക്കലിനും കാരണമായ സാഹചര്യങ്ങൾ അന്വേഷിക്കാൻ നാലംഗ സമിതി രൂപീകരിച്ചതായി വ്യോമയാന റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച (2025 ഡിസംബർ 5) മാത്രം 600ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. മുംബൈയിൽ 118, ബെംഗളൂരുവിൽ 100, ഹൈദരാബാദിൽ 75, കൊൽക്കത്തയിൽ 35, ചെന്നൈയിൽ 26, ഗോവയിൽ 11 എന്നിങ്ങനെയാണ് റദ്ദാക്കിയ സർവീസുകളുടെ കണക്ക്. ഭോപ്പാൽ ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലെയും സർവീസുകൾ മുടങ്ങി.
പ്രതിസന്ധി പരിഹരിക്കുന്നതിൻ്റെ ഭാഗമായി പൈലറ്റുമാരുടെ രാത്രികാല ഡ്യൂട്ടി പരിധിയിൽ ഇളവ് നൽകണമെന്ന ഇൻഡിഗോയുടെ അപേക്ഷ ഡിജിസിഎ അംഗീകരിച്ചു. അവധിക്ക് പകരം പ്രതിവാര വിശ്രമം അനുവദിച്ചുകൊണ്ട് ഫ്ലൈറ്റ് ഡ്യൂട്ടി ചട്ടങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.
അതേസമയം രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങളുടെ സർവീസുകൾ മുടങ്ങുന്നതിനിടെ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്. പ്രതിസന്ധി പരിഹരിക്കുകയാണെന്നും ഇൻഡിഗോയുടെ പ്രവർത്തനം ഡിസംബർ 10-നും 15-നും ഇടയിൽ സാധാരണ നിലയിലാകുമെന്നും സിഇഒ പിറ്റർ എൽബേഴ്‌സ് അറിയിച്ചു.










Discussion about this post