തികച്ചും നിരാശാജനകമായ വില്‍പ്പനക്കണക്കുകളാണ് 2024 നവംബറില്‍ മഹീന്ദ്രയെ കാത്തിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് ഏറ്റവും താഴ്ന്നതാണ്. സെപ്റ്റംബറില്‍ 51,062 യൂണിറ്റുകളും ഒക്ടോബറില്‍ 54,504 യൂണിറ്റുകളും കമ്പനി വിറ്റു. നവംബറില്‍ ഇത് 46,222 യൂണിറ്റായി കുറഞ്ഞു. ഥാര്‍ ഒഴികെയുള്ള എല്ലാ മോഡലുകളുടെയും വില്‍പ്പന കുറഞ്ഞു. എല്ലാ തവണത്തേയും പോലെ, കമ്പനിക്ക് ഏറ്റവും കുറഞ്ഞ ഡിമാന്‍ഡുള്ള കാര്‍ മരാസോ എംപിവി ആണ്. മരാസോയുടെ വെറും ഒമ്പത് യൂണിറ്റുകള്‍ മാത്രമാണ് 2024 നവംബര്‍ മാസത്തില്‍ വിറ്റഴിച്ചത് എന്നാണ് റിപ്പോട്ടുകള്‍. ഒക്ടോബറില്‍ അതിന്റെ 37 യൂണിറ്റുകള്‍ വിറ്റിരുന്നുവെന്നോര്‍ക്കണം.
മഹീന്ദ്രയുടെ സ്രാവ്
ടൊയോട്ട ഇന്നോവയ്ക്ക് എതിരാളിയായി് 2018ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്. വിപണിയില്‍ തുടക്കത്തില്‍ത്തന്നെ ശ്രദ്ധ നേടിയ മോഡലായിരുന്നു മഹീന്ദ്ര മരാസോ. ‘സ്രാവ്’ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ ‘Marazzo’യില്‍ നിന്നാണ് ഈ വാഹനത്തിന്റെ പേരുണ്ടാക്കിയത്. ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും.
മഹീന്ദ്ര മരാസോയുടെ പുതിയ വിലകളെക്കുറിച്ച് പറയുമ്പോള്‍, M2 7s വേരിയന്റിന്റെ പഴയ വില 14,39,400 രൂപയായിരുന്നു, അത് ഇപ്പോള്‍ 14,59,400 രൂപയായി വര്‍ദ്ധിച്ചു. അതായത് അതിന്റെ വില 20,000 രൂപ കൂട്ടി. M2 8s വേരിയന്റിന്റെ പഴയ വില 14,39,400 രൂപയായിരുന്നു, അത് ഇപ്പോള്‍ 14,59,400 രൂപയായി വര്‍ദ്ധിച്ചു. അതായത് അതിന്റെ വില 20,000 രൂപ കൂട്ടി.
മരാസോയുടെ സവിശേഷതകള്‍
1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ലഭിക്കുന്നു. ഇത് പരമാവധി 120.96 ബിഎച്ച്പി കരുത്തും 300 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. കാറിന്റെ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. മഹീന്ദ്ര മരാസോ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലിറ്ററിന് 18 കിലോമീറ്റര്‍ മുതല്‍ 22 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് അവകാശപ്പെടുന്നു.
10.6 ഇഞ്ച് വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എസി, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് തുടങ്ങിയ സവിശേഷതകള്‍ക്ക് പുറമെ, മഹീന്ദ്ര മറാസോയില്‍ സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗുകളും റിയര്‍ പാര്‍ക്കിംഗ് സെന്‍സറും കമ്പനി നല്‍കിയിട്ടുണ്ട്.
Discussion about this post