കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് കയ്യേറിയുള്ള സിപിഎം സമ്മേളനത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഭവത്തിൽ ആർക്കെതിരെ കേസെടുത്തെന്നും സ്‌റ്റേജിൽ ഇരുന്നവർക്കെതിരെ കേസെടുത്തില്ലേയെന്നും കോടതി ചോദിച്ചു. സംഭവത്തിൽ പോലീസും കോർപ്പറേഷനുമൊന്നും ചെറുവിരൽ പോലും അനക്കിയില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി ഒരു സാധാരണക്കാരൻ റോഡുവക്കിൽ ചായക്കട തുടങ്ങിയാൽ അത് എടുത്തുമാറ്റില്ലേ എന്നും ചോദിച്ചു.നിങ്ങൾ എന്തുകൊണ്ട് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്തി അവരെ പ്രതിചേർത്ത് കേസെടുത്തില്ല എന്നതായിരുന്നു കോടതിയുടെ ആദ്യത്തെ ചോദ്യം. അതിന് കൃത്യമായ ഉത്തരം നൽകാൻ വഞ്ചിയൂർ സിഐയ്ക്ക് കഴിഞ്ഞില്ല.
സ്റ്റേഷന്റെ മുന്നിൽ തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പോലീസ് അനങ്ങിയില്ലെന്ന് ഡിവിഷൻ ബെഞ്ച് തുറന്നടിച്ചു. സംസ്ഥാന പോലീസ് മേധാവിയോട് കോടതി റിപ്പോർട്ട് തേടി. സെക്രട്ടറിയേറ്റിന് മുന്നിൽ ഗതാഗതം തടസപ്പെടുത്തിയുള്ള സിപിഐ സമരത്തിൽ സ്വമേധയാ കേസെടുക്കാൻ ആലോചിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി.
വഞ്ചിയൂർ പൊലീസ് സ്റ്റേഷനുമുന്നിൽ പ്രഥമദൃഷ്ട്യാ നിയമലംഘനം കണ്ടിട്ടും പൊലീസ് എന്തുകൊണ്ട് അനങ്ങിയില്ലെന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ വഞ്ചിയൂർ എസ് എച്ച് ഒ യോട് കോടതി ചോദിച്ചു. സ്റ്റേജ് അഴിച്ചു മാറ്റാൻ സിപിഎം ഏര്യാ സമ്മേളനത്തിൻറെ കൺവീനറോട് പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്ന് എസ് എച്ച് ഒ മറുപടി നൽകി. അത് കേട്ട് കയ്യും കെട്ടി നോക്കിനിന്നോ എന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
Discussion about this post