കൊല്ലം: കരുനാഗപ്പള്ളിയിൽ സി പി എമ്മിന് നാണക്കേടുണ്ടാക്കിയ വിഭാഗീയത പ്രവർത്തനത്തിന്റെ പേരിൽ കടുത്ത നടപടി. വിഭാഗീയത പ്രവർത്തനങ്ങൾക്ക് മുന്നിട്ട് നിന്ന മുഴുവൻ ആൾക്കാരെയും സി.പി.എം ജില്ലാ സമ്മേളനത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചപ്പോൾ ഒഴിവാക്കി. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി.ആർ.വസന്തൻ, കരുനാഗപ്പള്ളി മുൻ ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.രാധാമണി, ജെ.എസ്.എസിൽ നിന്ന് എത്തിയ ബി.ഗോപൻ എന്നിവരെയാണ് ഒഴിവാക്കിയത്.
പി.ആർ.വസന്തന്റെയും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടിയുടെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലിയാണ് കരുനാഗപ്പള്ളിയിൽ സി.പി.എമ്മിന് നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ സമ്മേളനകാലത്ത് സൃഷ്ടിച്ചത്. ഒഴിവാക്കപ്പെട്ടവരിൽ പി.കെ.ബാലചന്ദ്രൻ പി.ആർ.വസന്തൻ പക്ഷത്തും സി.രാധാമണി സൂസൻകോടിക്ക് ഒപ്പവുമായിരുന്നു.
അതേസമയം പ്രദേശത്ത് ബി ജെ പി യുടെ വളർച്ചയെ പറ്റിയും സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ ആശങ്ക പ്രകടിപ്പിച്ചു.” ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണം. ചാത്തന്നൂരിലും കരുനാഗപ്പള്ളിയിലും ബി.ജെ.പി വോട്ടിലെ വർദ്ധന മറി കടക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു”. പാർട്ടിയിലെ വിഭാഗീയതയും എൽ ഡി എഫിൽ നിന്നും ബി ജെ പി യിലേക്കുള്ള വോട്ട് ചോർച്ചയും ഇടതു പക്ഷത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. .
Discussion about this post