സിംഗപ്പൂരിൽ നടന്ന ചൈസ് കലാശപ്പോരിൽ ലോകചാമ്പ്യനായിരുന്ന ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ് വിജയകിരീടം ചൂടിയിരിക്കുകയാണ്. രണ്ട് വീതം നിജയവും സമനിലയും മാത്രം വഴങ്ങി പോരാട്ടം ഒരു മാസം പിന്നിടുമ്പോൾ പതിനാലാം മത്സരത്തിലാണ് ഗുകേഷിന്റെ ഈ സുവർണനേട്ടം. ഏഴരപോയിന്റുമായാണ് ഗുകേഷ് ലോകത്തിന്റെ നെറുകയിൽ കിരീടം ചൂടി നിൽക്കുന്നത്. ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിക്കുമ്പോൾ ഗുകേഷിന് 18 വയസ് മാത്രമാണ് പ്രായം. വിശ്വനാഥൻ ആനന്ദ് 2012 ൽ ലോകചാമ്പ്യനായതിന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ കിരീടം ചൂടുന്നത്.
ഗുകേഷിന്റെ വിജയത്തെ കുറിച്ച് സതീഷ് മാധവ് എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
പതിനാലാം ഗെയിമിന്റെ അമ്പത്തെട്ടാം നീക്കത്തിൽ ഡിങ് ലിറെൻ കൈ നീട്ടി. അത്ര നേരം പേരിനൊപ്പം ചാർത്തിയിരുന്ന ലോക ചാമ്പ്യൻ എന്ന വിശേഷണം അയാൾ ആ ഹസ്തദാനത്തിലൂടെ കൈമാറുകയായിരുന്നു. പിന്നെ ഇരിപ്പിടം പിന്നിലേക്ക് നീക്കി കൈകൾ കുടഞ്ഞ് അയാൾ നടന്നു……. മറുപുറത്ത് ഗുകേഷ് ദൊമ്മരാജു എന്ന ചന്ദനക്കുറിക്കാരൻ മുന്നിലെ കറുപ്പും വെളുപ്പും കളങ്ങളിൽ അപ്പോഴും ശ്രദ്ധയൂന്നിയിരുന്നു. അവിശ്വസനീയം എന്ന കമന്റേറുടെ വാക്കിന് അവൻ പ്രാർത്ഥന കൊണ്ട് മറുപടി നല്കി. അഭിമാന കണ്ണീർ തുളുമ്പിയ മിഴികൾ ഇരുകൈകളും കൊണ്ട് പൊത്തി. പിന്നെ എഴുന്നേറ്റ് കൈകളുയർത്തി ആ വരവ് പ്രഖ്യാപിച്ചു…… പുതിയ ലോക ചാമ്പ്യൻ…
ലോകം ലിറനൊപ്പമായിരുന്നു. ഈശ്വരൻ ഗുകേഷിനാപ്പവും. വിരസ സമനിലകളിൽ കുരുക്കി ടൈബ്രേക്കറിലേക്ക് വലിച്ചു നീട്ടി വിജയമൊരുക്കാമെന്ന ലിറന്റെ ചൈനീസ് ബുദ്ധി ഗുകേഷ് വെട്ടി നീക്കി. 55ാം നീക്കത്തിൽ സമനിലയിലേക്ക് തേരുരുട്ടിയ ലിറൻ അടുത്ത മൂന്ന് നീക്കത്തിൽ തല കുമ്പിട്ടു. ലിറന്റെ പിഴവല്ല യുദ്ധക്കളത്തിൽ വിജയം കൊതിച്ച ഗുകേഷിന്റെ ജാഗ്രതയാണ് കിരീടം തൊട്ടത്.
വിശ്വനാഥൻ ആനന്ദിന് ശേഷം ചെസിൽ വിശ്വനാഥനായി മറ്റൊരു ഭാരതീയൻ…… ഏഴാം വയസിൽ സ്വപ്നങ്ങളിലേക്ക് കാലാളുന്തിയാണ്. തുടക്കം. എട്ടാം വയസിൽ ഏഷ്യൻ സ്‌കൂൾ ചെസിൽ അണ്ടർ 9 ചാമ്പ്യൻഷിപ്പിൽ കിരീടം. പന്ത്രണ്ടാം വയസിൽ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ അണ്ടർ 12 ൽ ജേതാവ്, ഗ്രാൻഡ് മാസ്റ്റർ…. ഇതാ ഇപ്പോൾ പതിനെട്ടാം വയസിൽ ലോക ചാമ്പ്യൻ…… ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ.
അച്ചടക്കമാണ് അഴകെന്ന് പഠിപ്പിച്ച വേലമ്മാൾ പള്ളിക്കൂടത്തിന് നന്ദി.. തിരുവേൽ മുരുകന്റെ ഭസ്മം തൊട്ട പുലരികളാണ് ഉണർവെന്ന് ഓതിയ അച്ഛനമ്മമാർക്ക് നന്ദി…. ക്ഷമ അമൃതെന്ന് പഠിപ്പിച്ച പരിശീലകർക്ക് നന്ദി…
ഡിങ് ലിറൻ വിജയത്തിലേക്കുള്ള വഴികാട്ടിയാണെന്ന പതിനെട്ടുകാരന്റെ വിനയത്തിലുണ്ട് ഈ നാട് പകരുന്ന സംസ്‌കാരം ……
Discussion about this post