മുംബൈ; മഹാരാഷ്ട്രയിൽ ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്. താനെ ജില്ലയിലാണ് സംഭവം. മുമ്പ്ര സ്വദേശിയായ യുവാവ് തന്റെ 25കാരിയായ ഭാര്യയുടെ പിതാവിനെ വിളിച്ച് മുത്തലാഖ് വഴി വിവാഹം റദ്ദാക്കുകയാണെന്ന് പറയുകയായിരുന്നു. ഭാര്യ തന്നെ കൂട്ടാതെ ഒറ്റയ്ക്ക് നടക്കാൻ പോയതിൽ പ്രകോപിതനായാണ് വിവാഹമോചനം നടത്തിയതെന്നാണ് യുവാവ് പറയുന്നത്.
ക്രിമിനൽ ഭീഷണിപ്പെടുത്തലിനും മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമത്തിനും 351 (4) വകുപ്പ് പ്രകാരം ഭാര്യയുടെ പരാതിയിൽ പോലീസ് ബുധനാഴ്ച പുരുഷനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലി മുസ്‌ലിം പുരുഷൻമാർ വിവാഹബന്ധം വേർപെടുത്തുന്ന മുത്തലാഖ് സമ്പ്രദായം വിവാഹമെന്ന സാമൂഹികവ്യവസ്ഥിതിക്ക് അപകടമാണെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ ജീവിതം ദയനീയമാക്കിയെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് മുത്തലാഖ് ചൊല്ലുന്ന ഭർത്താക്കൻമാർക്ക് മൂന്നുവർഷംവരെ തടവുശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമമുണ്ടാക്കിയതെന്ന് കേന്ദ്രം പറഞ്ഞിരുന്നു.
Discussion about this post