ചെന്നൈ; ലോകചെസിന് പുതിയ രാജാവിനെ ലഭിച്ചിരിക്കുകയാണ്. പേര് ഡി ഗുകേഷ്. വയസ് 18.രാജ്യം ഇന്ത്യ…. യൗവനാരംഭത്തിലേ രാജ്യത്തിന്റെ അഭിമാനമായി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ക്ഷമയാണ് വിജയത്തിലേക്കുള്ള പാതയെന്ന് ഉറപ്പിച്ചയാൾ.
ചെന്നൈയിൽ ഇഎൻടി സർജനായ രജനീകാന്തിൻറെയും മൈക്രോ ബയോളജിസ്റ്റായ പത്മയുടെയും മകനാണ് ദൊമ്മരാജു ഗുകേഷ് 2006 മെയ് 29ന് തെലുങ്ക് കുടുംബത്തിലാണ് ജനിച്ചതെങ്കിലും തമിഴ്‌നാടാണ് സ്വദേശം. ഏഴാം വയസിൽ ചെസ് ബോർഡിലെ 64 കളങ്ങളിൽ ആകൃഷ്ടനായ ഗുകേഷ് വിജയം നന്നേ ചെറുപ്പത്തിലേ തന്നെ രുചിച്ചുതുടങ്ങി.
2015ൽ ഏഷ്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 9 വിഭാഗത്തിൽ ചാമ്പ്യനായാണ് ഗുകേഷ് വരവറിയിക്കുന്നത്. പിന്നീട് 2018ൽ അണ്ടർ 12 വിഭാഗത്തിൽ ലോക യൂത്ത് ചെസ് ചാമ്പ്യഷിപ്പിൽ അഞ്ച് സ്വർണമെഡലുകൾ നേടി ജേതാവായതോടെ ചെസ് ലോകം ആ പേര് ശ്രദ്ധിച്ചു തുടങ്ങി. തൻറെ പതിനൊന്നാം വയസിൽ തന്നെ പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാവുകയാണ് തൻറെ ലക്ഷ്യമെന്ന് ഗുകേഷ് പ്രഖ്യാപിച്ചിരുന്നു.2017 മാർച്ചിൽ ഇൻറർനാഷണൽ മാസ്റ്ററും 2019ൽ ചെസ്സ് ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററുമായ ഗുകേഷ് 2023ൽ ഓഗസ്റ്റിൽ 2750 റേറ്റിംഗ് സ്വന്തമാക്കി ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമായി.14 റൗണ്ടിൽ 7.5-6.5 എന്ന പോയിന്റ് നിലയിലാണ് തറപറ്റിച്ചത്. 58-ാം നീക്കത്തിലാണ് ചൈനയുടെ ഡിംഗ് ലിറനെ അടിയറവു പറയിപ്പിച്ചത്.
സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഗുകേഷിന് കരുത്തായത് മെൻറൽ കോച്ച് ദക്ഷിണാഫ്രിക്കൻ പരിശീലകൻ പാഡി അപ്ടൻറെ ശിക്ഷണമാണ്.ഗ്രാൻഡ്മാസ്റ്റർ വിഷ്ണു പ്രസന്നയുടെ പരിശീലനമാണ് ഗുകേഷിനെ ലോകത്തിൻറെ നെറുകയിലെത്തിച്ചത്. ഏകാഗ്രതയും അച്ചടക്കവുമാണ് ഗുകേഷിൻറെ സവിശേഷതകൾ എന്ന് വിഷ്ണു പറയുന്നു.വയനാശീലമുള്ളയാളാണ് ഗുകേഷ്.
വീട്ടിലെ തന്റെ മുറിയിലെ അലമാര നിറയെ പുസ്തകങ്ങളാണ്. അതിൽ ഏറെയും ചെസ്സുമായി ബന്ധപ്പെട്ടത് തന്നെ. മാത്യു സാഡ്ലർ, നടാഷ റീഗൻ എന്നിവർ എഴുതിയ ഗെയിം ചെയിഞ്ചർ ആണ് തന്നെ ഏറ്റവും ആകർഷിച്ച പുസ്തകമെന്ന് ഗുകേഷ് പറയുന്നു. മറ്റ് രണ്ട് പുസ്തകങ്ങൾ കൂടി ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അണ്ടർ ദി സർഫസ് (ജാൻ മാർക്കോസ്), പ്രാക്ടിക്കൽ ചെസ്സ് ബ്യൂട്ടി (യോഷാനൻ അഫേക്).
Discussion about this post