ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പുകൾ ആണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ് ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്.
ഇപ്പോഴിതാ നടനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. കുടുംബത്തിനോടും ഭാര്യയോടും യാത്ര പറയുന്നതും ഭാര്യയെ ആശ്വസിപ്പിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
പോലീസിനോട് താരം ഒരു തരത്തിലുമുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ല. ചിരിച്ചു കൊണ്ട് അവരോട് സംസാരിക്കുന്ന അല്ലുവിനെയാണ് വീഡിയോയില്‍ കാണുന്നത്. എന്നാൽ, തനിക്ക് വസ്ത്രം മാറണം എന്നുണ്ടായിരുന്നു. എന്നാല്‍, നിങ്ങൾ അതിനു സമ്മതിച്ചില്ല എന്നും ബ്രേക്ക്ഫാസ്റ്റ് കഴിക്കാനുള്ള സാവകാശവും തന്നില്ല എന്നും അദ്ദേഹം പോലീസിനോട് പറയുന്നുണ്ട്. കിടപ്പുമുറിയിലേക്ക് അതിക്രമിച്ച് കയറുന്നത് ശരിയല്ലെന്നും അല്ലു പറയുന്നു.
അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷ്, അച്ഛൻ അല്ലു അരവിന്ദ് എന്നിവരും സമീപത്തു നില്‍ക്കുന്നുണ്ട്. പോലീസിനെ കണ്ട് ആശങ്കപ്പെടുന്ന ഭാര്യ സ്നേഹ റെഡ്ഡിയെ അല്ലു ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഭാര്യക്ക് സ്നേഹ ചുംബനം നല്‍കിയതിനു ശേഷമാണ് താരം പോലീസ് വാഹനത്തിലേക്ക് കയറുന്നത്.
ഈ മാസം 4നാണ് അല്ലു അർജുൻ തിയറ്ററിലെത്തിയത്. തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പോലീസിനെയും അറിയിച്ചിരുന്നതായും, ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നതായും അല്ലു പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.









