എറണാകുളം: തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതി എംകെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ . 9 വർഷമായി ജയിലിൽ കഴിയുന്നുവെന്ന വാദം ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പി വി ബാലകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം, രാജ്യം വിട്ട് പോകരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. കൈവെട്ട് സംഭവത്തിന്റെ മുഖ്യസൂത്രധാരൻ എന്ന പേരിലാണ് പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ ഭാരവാഹിയായ എംകെ നാസർ അറിയപ്പെട്ടിരുന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നാസറിനെ ഏറെക്കാലത്തെ തിരച്ചിലിന് ഒടുവിലാണ് പിടികൂടിയത്.
2010 ജൂലൈ 4നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്. വര്‍ഷങ്ങള്‍ക്കു ശേഷം, കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. ആദ്യം കേസന്വേഷിച്ച സംസ്ഥാന പോലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎയും കുറ്റകൃത്യത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പങ്കാളിത്തം കണ്ടെത്തിയിരുന്നു.
Discussion about this post