തിരുവനന്തപുരം : ഇപ്പോഴത്തെ സിനിമകളിലെല്ലാം കോർപ്പറേറ്റ്‌വത്കരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിലുള്ള കോർപ്പറേറ്റ്വൽക്കരണം ശോഷണത്തിന് കാരണമാകും. ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും പിണറായി അഭിപ്രായപ്പെട്ടു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
ഐഎഫ്എഫ്കെ രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി അറിയപ്പെടുന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര പ്രദർശനം മാത്രമല്ല മേളയിൽ നടക്കുന്നത്. മേളയിൽ നടക്കുന്ന ചർച്ചകൾ പുരോഗമന സ്വഭാവമുള്ളവയാണ്. കഴിഞ്ഞ ചലച്ചിത്ര മേളയിൽ പലസ്തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നതിനെ കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു. അടിച്ചമർത്തപ്പെടുന്നവരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും ഒപ്പം നിൽക്കാനാണ് ചലച്ചിത്രമേളയിലൂടെ ശ്രമിച്ചത് എന്നും പിണറായി വ്യക്തമാക്കി.
സിനിമകളിൽ പ്രത്യേക കാഴ്ചപ്പാടുകൾ മാത്രം കാണിക്കുന്നത് സിനിമാ മേഖലയിലെ ശോഷണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ നേർ ചിത്രങ്ങളാണ് സിനിമകൾ. അതിനാൽ തന്നെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന കാഴ്ചകൾ വേണം സിനിമകളിലൂടെ കാണിക്കാൻ എന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
Discussion about this post