ബെംഗളൂരു: ഭാര്യക്കും ഭാര്യവീട്ടുകാർക്കുമെതിരെ പരാതി ഉന്നയിച്ചശേഷം അതുൽ സുഭാഷ് എന്ന ടെക്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. അതുലിന്റെ മരണം സങ്കടകരവും അതേസമയം രാജ്യത്തെ പുരുഷന്മാരുടെ ദയനീയാവസ്ഥ എടുത്തുകാട്ടുന്നതും കണ്ണുതുറപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മളെപ്പോഴും സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കും. എന്നാൽ ഇപ്പോഴത്തെ സംഭവം പുരുഷ അവകാശവുമായി ബന്ധപ്പെട്ട സംവിധാനം എത്ര ദുർബലമാണെന്ന് തുറന്നുകാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ മറാത്തഹള്ളി സ്വദേശിയായ അതുൽ സുഭാഷ് നിഖിതയുമായി വേർപിരിഞ്ഞ് ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ സന്ദർശിക്കുന്നതിനുള്ള അനുമതി ലഭിക്കാനായി 30 ലക്ഷം രൂപ ഭാര്യയുടെ കുടുംബം അതുലിനോട് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. ഭാര്യക്കും മകനും ചെലവിനായി പ്രതിമാസം രണ്ടു ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്തിരുന്ന ഉത്തർപ്രദേശിലെ ജോൻപൂർ കുടുംബ കോടതിയിലെ വനിത ജഡ്ജി ഭാര്യയുടെ കുടുംബക്കാരുടെ പക്ഷത്തുനിന്നു മാത്രമാണ് തുടക്കം മുതൽ കേസ് കൈകാര്യം ചെയ്തിരുന്നതെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്.










Discussion about this post