ആവേശം ജനിപ്പിച്ച പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിന് 2-1ന്റെ ത്രസിപ്പിക്കുന്ന വിജയം. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന മിനിറ്റുകളിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് സ്വപ്ന തുല്യമായ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്.
ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് നേടിയ സമനില ഗോളിന് വഴിവെച്ച പെനാൽറ്റി നേടിയെടുത്ത അമദ് ദിയാലോ, ഒടുവിൽ തകർപ്പനൊരു നീക്കത്തിലൂടെ റെഡ് ഡെവിൾസിന്റെ വിജയഗോളും സ്വന്തമാക്കുകയായിരുന്നു. 88, 90 മിനിറ്റുകളിലായിരുന്നു യുണൈറ്റഡിന്റെ ഗോളുകൾ. മത്സരത്തിന്റെ ഫസ്റ്റ് ഹാഫ് പ്രതീക്ഷിച്ച പോലെ അത്ര ആവേശകരമായിരുന്നില്ല. യുണൈറ്റഡിന്റെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങൾ ഉണ്ടായില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റങ്ങൾക്കും ശക്തി പോരായിരുന്നു. എന്നാൽ, 36 ആം മിനിറ്റിൽ ലഭിച്ച ഒരു കോർണർ കിക്ക് മുതലെടുത്ത് സിറ്റി ലീഡ് നേടുകയായിരുന്നു.
കെവിൻ ഡിബ്രൂയിനെയുടെ ഒരു ക്രോസിൽ നിന്ന് ഹെഡറിലൂടെ ജോസ്കോ ഗ്വാർഡിയോളാണ് മാഞ്ചസ്റ്റർ സിറ്റിക്കായി സ്‌കോർ ചെയ്തത്. സെക്കന്റ് ഹാഫിന്റെ തുടക്കത്തിൽ ഇരു ടീമുകൾക്കും ചില അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളിൽ കലാശിച്ചില്ല. ബ്രൂണോ ഫെർണാണ്ടസ് ഗോൾ നേടാനുള്ള ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തി. അമദിന്റെ ഒരു ഹെഡർ അറ്റംപ്റ്റും ലക്ഷ്യം കണ്ടില്ല. സിറ്റിക്കായി ഫിൽ ഫോഡനും കെവിൻ ഡിബ്രൂയിനെയും ഉതിർത്ത ഷോട്ടുകളും ഗോളിലേക്ക് വഴിതുറന്നില്ല. ഒടുവിൽ കളിയുടെ അവസാന മിനിറ്റുകളിൽ രണ്ട് തവണ സിറ്റിയുടെ പ്രതിരോധം ഭേദിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കുകയായിരുന്നു.
പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി അഞ്ചാമതും മാഞ്ചസ്റ്റർ യുണൈറ്റഡ് പതിമൂന്നാം സ്ഥാനത്തുമാണ്. സിറ്റിക്കെതിരായ ഉജ്ജ്വല വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ ആത്മവിശ്വാസം ഉയർത്തും. പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം വിജയവുമായി ചെൽസി. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ബ്രെന്റ്ഫോഡിനെ 2-1നാണ് എൻസോ മറെസ്കയുടെ ടീം അടിയറവ് പറയിച്ചത്. 43 ആം മിനിറ്റിൽ ഡിഫൻഡർ കുക്കുറേയ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. 80 ആം മിനിറ്റിൽ നിക്ലസ് ജാക്സൺ ബ്ലൂസിനായി രണ്ടാം ഗോൾ സ്‌കോർ ചെയ്തു. സ്‌കോർ 2-0 എന്ന നിലയിൽ നിൽക്കെ, 90 ആം മിനിറ്റിൽ എംബുവേമ ബ്രെന്റ്ഫോഡിനായി ഒരു ഗോൾ മടക്കി.
കളിയുടെ അവസാന സെക്കന്റുകളിൽ സ്റ്റോപ്പേജ് ടൈമിൽ കുക്കുറേയ റെഡ് കാർഡ് കണ്ടു പുറത്തു പോയി. ഗോൾ നേടി ആദ്യ പകുതിയിൽ ഹീറോയായ സ്പാനിഷ് താരം അവസാനം ചുവപ്പ് കാർഡ് വാങ്ങി വില്ലന്റെ വേഷവും അണിഞ്ഞു. ജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി പ്രീമിയർ ലീഗിൽ ചെൽസി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒരു മത്സരം കുറച്ചു കളിച്ച ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് 36 പോയിന്റാണുള്ളത്.
Discussion about this post