സമൃദ്ധിയുടെയും സമ്പത്തിന്റെയും ചരിത്രമാണ് അഖണ്ഡഭാരതത്തിന് പറയാനുള്ളത്. ഈ അളവറ്റ സമ്പത്ത് തന്നെയായിരുന്നു വിദേശശക്തികളെ ഇങ്ങോട്ടേക്ക് ആകർഷിച്ചതും. ഇന്ത്യയിലെ സമ്പന്നരുടെ പേരുകൾ ആലോചിക്കുമ്പോൾ നമ്മുടെയൊക്കെ മനസിൽ ആദ്യം വരുന്ന പേരുകൾ മുകേഷ് അംബാനി,അദാനി,അന്തരിച്ച വ്യവസായി രത്തൻ ടാറ്റ എന്നിവരൊക്കെ ആയിരിക്കും. 21ാം നൂറ്റാണ്ടിൽ ഇന്ത്യ കണ്ട പണക്കാർ ഇവരൊക്കെ തന്നെ ആണെങ്കിലും സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും സമ്പന്നായ വ്യക്തി ഇവരാരുമല്ല.
മിർ ഉസ്മാൻ അലി ഖാൻ എന്ന വ്യക്തിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. 1889 ൽ ജനിച്ച ഇദ്ദേഹം ഹൈദരാബാദ് പ്രിൻസി സ്റ്റേറ്റിന്റെ അവസാന നിസാമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്നു അത്. 19,10,987 കോടി (230 ബില്യൺ ഡോളർ) ആസ്തി അക്കാലത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെയും, സമ്പന്നനുമായ ശതകോടീശ്വരൻ ഇദ്ദേഹമാണത്രേ.
ടൈംസ് മാഗസിൻ റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി യുഎസ് ജിഡിപിയുടെ 2 ശതമാനത്തോളമായിരുന്നു. വജ്രങ്ങളുടെ ഏക വിതരണക്കാരായ ഗോൽക്കൊണ്ട ഖനി ആയിരുന്നു അദ്ദേഹത്തിന്റെ വരുമാന സ്രോതസ്. ആഡംബരത്തിന്റെ അവസാനവാക്കായിരുന്നു ഇയാൾ. പേപ്പർവെയ്റ്റ് ആയി ഉപയോഗിച്ചിരുന്നത് ഇന്ന് ആയിരം കോടിരൂപ മതിപ്പുവരുന്ന ജേക്കബ് ഡയമണ്ടായിരുന്നു. 50 റോൾസ് റോയ്‌സ് കാറുകളും സ്വന്തമായിട്ടുണ്ടായിരുന്നു. സ്വകാര്യ എയർലൈൻ,400 ദശലക്ഷം പൗണ്ടിന്റെ ആഭരണങ്ങൾ,100 ദശലക്ഷം പൗണ്ട് സ്വർണം എന്നിവയും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ടായിരുന്നു.
കോഹിനൂർ, ഹോപ്പ്, ദര്യ-ഇ നൂർ, നൂർ-ഉൽ-ഐൻ, പ്രിൻസി, റീജന്റ്, വിറ്റൽസ്ബാക്ക് വജ്രങ്ങൾ എന്നിവയുൾപ്പെടെ വിലപിടിപ്പുള്ള നിരവധി വജ്രങ്ങൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഇത്രവലിയ സമ്പന്നായിട്ട് കൂടി അറുപിശുക്കനായിരുന്നു ഇയാൾ. വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു ഇയാൾ സ്വന്തം മുറി വൃത്തിയാക്കിയിരുന്നത്. മിർ ഉസ്മാൻ അലി ഖാൻ ഒരു ബ്രിട്ടൺ വിശ്വസ്തനായിരുന്നു. വിഭജന സമയത്ത് ഒന്നുകിൽ പാകിസ്ഥാനിൽ ചേരാനോ അല്ലെങ്കിൽ ഒരു സ്വതന്ത്ര രാജ്യം ഭരിക്കാനോ അദ്ദേഹം ആഗ്രഹിച്ചു








