ലോകപ്രശസ്തനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ വിട പറഞ്ഞിരിക്കുകയാണ്. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 73 വയസായിരുന്നു. അദ്ദേഹത്തിന് ഓർമ്മപൂക്കളുമായി ആര്യാ ലാൽ എഴുതുന്നു.
വാളിൻ്റെ മൂളലും തീയുണ്ടകളുടെ മുഴക്കവും കൊണ്ട് ചോര മരവിപ്പിക്കുന്ന മരണതാളം മുഴക്കിയ പേരുകൾക്കിടയിൽ ഹൃദയപൂർവ്വം ഓർക്കാനുള്ള അപൂവ്വമായ ജീവതാളത്തിൻ്റെ പേരുകളായിരുന്നു അല്ലാ രാഖയും മകനും.ആ ഹൃദയതാളം നിലച്ചിരിക്കുന്നു.
ഗുലാം അലിയും മെഹ്ദി ഹസ്സനും പാടുമ്പോൾ ഗസലൊഴുക്കിൽ അതിരലിഞ്ഞൊഴുകുന്ന മിസ്റ്റിക് പ്രണയ താളമായ് തബലത്തലപ്പിൽ വീണ ആ മാന്ത്രിക വിരലുകൾ ആയിരങ്ങളിൽ കിനാവു ചുരത്തി. സാക്കീറിൻ്റെ തബല പണ്ഡിറ്റ് രവിശങ്കറിൻ്റെ സിതാറുമായി ഇണ ചേർന്ന രാഗലയങ്ങൾ ലോകത്തെയാകെ വിസ്മയിപ്പിച്ചു. ആ തബലകൾക്ക് ജീവനുണ്ടോയെന്ന്!ലോകം അത്ഭുതപ്പെട്ടു.
താളമലിഞ്ഞ ഒരു വ്യക്തി മാത്രമായിരുന്നില്ല ഇന്ത്യയ്ക്ക് സാക്കിർ ഹുസൈൻ.ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിൻ്റെ പ്രതിരൂപങ്ങളിലൊന്നായിരുന്നു. രാജ്യം ആ പ്രതിഭയെ ‘പത്മപ്രഭ’യാൽ ആദരിച്ചു; നാലുതവണത്തെ ‘ഗ്രാമി’ നേട്ടങ്ങളാൽ അദ്ദേഹം രാജ്യത്തേയും. ആ അത്ഭുതത്തിനു മുന്നിൽ മറ്റൊരുലോകാത്ഭുതത്തെ ചേർത്തു വച്ച് നാം ” വാഹ്…താജ് …. വാഹ്…. ഉസ്താദ്”! എന്ന് ആശ്ചര്യപ്പെട്ടു.
വിധി ഇന്ത്യയോടും സാക്കിറിനോടും കരുണ കാണിച്ചു. സംഗീതവും സാഹിത്യവും സരസ്വതിയുടെ സ്തനദ്വയങ്ങളാണെന്ന് കരുതി ആസ്വദിക്കപ്പെടുന്ന ആദരിക്കപ്പെടുന്ന ഒരു രാജ്യത്തിൽ ജനിച്ചതാണ് ആ മാന്ത്രിക വിരലുകളാൽ അത്ഭുതം കാട്ടാൻ സാക്കീറിനെ അനുവദിച്ചത്. അതിർത്തിക്കപ്പുറത്താണ് ചിരിയൊരു പാതകമായിമാറി നാസർ മുഹമ്മദ് എന്ന ക്ഷഷാസ്വാൻ്റെ കഴുത്തറുത്ത രാജ്യമുള്ളത്! അവിടെ സംഗീതോപകരണങ്ങൾക്ക് അടിച്ചു തകർക്കപ്പെടുന്നതിൻ്റെ,കൂട്ടിയിട്ടു കത്തിക്കുന്നതിൻ്റെ ഒച്ച മാത്രമേയുള്ളൂ. അവിടെ ജനിക്കാതിരുന്നതാണ് അല്ലാരാഖയും മകനും ചെയ്ത പുണ്യം. ഇവിടെ ജനിച്ചത് ഈ രാജ്യത്തിൻ്റെ ഭാഗ്യവും!
സൗമ്യതയിൽ ലയിച്ച വിമോഹനമായ ഒരു പുഞ്ചിരിയായിരുന്നു സാക്കീർ ഹുസൈൻ. വിരൽ വേഗങ്ങളാൽ താള വിസ്മയം തീർത്ത അത്ഭുതം. ദൈവം സ്വർഗം കൂടുതൽ സുന്ദരമാക്കാൻ ആഗ്രിക്കുന്നുണ്ടാവണം. ആ ചിരിയും താളവും സ്വർഗത്തെക്കാൾ സുന്ദരമായ സ്വപ്നങ്ങൾ ഭൂമിക്ക് നൽകിയിട്ടാണ് അവിടേയ്ക്കു പോകുന്നത്.
ജീവിതം കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചതിന് അങ്ങയ്ക്ക് നന്ദി. വിമോഹനമായ ഒരു ചുണ്ടിൽ ചേർന്നിരുന്നതിന് ഒരു ‘പുല്ലാംകുഴലിനെ’ യുഗങ്ങളായി മറക്കാത്തവരാണു ഞങ്ങൾ! ധൈര്യമായി പോകൂ…..നിങ്ങളെയും ആ തബലത്തുടിപ്പുകളെയും ഞങ്ങൾ അനാഥമാക്കിയുപേക്ഷിക്കയില്ല.
“താളമയഞ്ഞൂ ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര”
നിത്യശാന്തി!
Discussion about this post