പത്തനംതിട്ട: റാന്നി മന്ദമരുതിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ നാല് പ്രതികൾ അറസ്റ്റിൽ. റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, അജോ, ശ്രീക്കുട്ടൻ, അക്സം ഖലീൽ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ അരവിന്ദ് ഗുണ്ടാ പട്ടികയിലുള്ള ആളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 24 കാരനായ അമ്പാടി സുരേഷിന്റെ കൊലപാതകത്തിലാണ് അറസ്റ്റ്.
മദ്യശാലയ്ക്ക് മുന്നിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് മുമ്പ് കൊല്ലപ്പെട്ട അമ്പാടിയുടെ സഹോദരങ്ങളും പ്രതികളും തമ്മില്‍ റാന്നിയിലെ മദ്യശാലയ്ക്ക് മുന്നിൽ വച്ച് വാക്കേറ്റം ഉണ്ടായിരുന്നു.
പിന്നീട് മറ്റൊരു സ്ഥലത്ത് വച്ച് കയ്യാങ്കളിയും ഉണ്ടായി. ഇതിന് പിന്നാലെ മന്ദമരുതിയിൽ വച്ച് ഏറ്റുമുട്ടാം എന്ന് വെല്ലുവിളിച്ചിരുന്നു. അമ്പാടിയും സഹോദരങ്ങളുമാണ് ആദ്യം സ്ഥലത്തെത്തിയത്. അമ്പാടി കാറിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ മറ്റൊരു കാറിലെത്തിയ പ്രതികള്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ആദ്യം അപകടമരണമെന്ന് കരുതിയ സംഭവമാണ് പിന്നീട് കൊലപാതകം എന്ന് തെളിഞ്ഞത്. കൊലപാതക ശേഷം വെച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച പ്രധാന പ്രതികൾ എറണാകുളത്തേക്ക് മുങ്ങി. കൊലപാതകത്തിന് ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post