തൃശ്ശൂർ : കനിവ് 108 ആംബുലൻസിൽ വെച്ച് നേപ്പാൾ സ്വദേശിനിയായ യുവതി പ്രസവിച്ചു. തൃശ്ശൂർ കൊരട്ടിയിൽ താമസിക്കുന്ന 19 വയസ്സുകാരിയാണ് ആംബുലൻസിനുള്ളിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയത്. ആംബുലൻസ് പൈലറ്റ് ജിനു സഹജൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോബിഷ് ജോസഫ് എന്നിവരുടെ കൃത്യമായ ഇടപെടൽ മൂലം ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണ്.
കൊരട്ടിയിൽ താമസിക്കുന്ന നേപ്പാൾ സ്വദേശിനിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഒപ്പം ഉണ്ടായിരുന്നവർ ചാലക്കുടി താലൂക്ക് ആശുപത്രിയിലായിരുന്നു ആദ്യം എത്തിച്ചത്. എന്നാൽ യുവതിയുടെ ആരോഗ്യനില വഷളായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് ഡോക്ടർ റഫർ ചെയ്യുകയായിരുന്നു. തുടർന്നാണ് കനിവ് 108 ആംബുലൻസിൽ ആംബുലൻസ് പൈലറ്റ് ജിനു സഹജൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോബിഷ് ജോസഫ് എന്നിവർ ചേർന്ന് യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.
എന്നാൽ മെഡിക്കൽ കോളേജ് എത്തുന്നതിനു മുൻപ് തന്നെ യുവതിയുടെ നില ഗുരുതരമാവുകയായിരുന്നു. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആയ ജോബിഷിന്റെ സഹായത്തോടെ ആംബുലൻസിനുള്ളിൽ വച്ച് തന്നെ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് ഇദ്ദേഹത്തിന്റെ തന്നെ നിർദ്ദേശപ്രകാരം ആംബുലൻസ് അടുത്തുള്ള തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിലവിൽ യുവതിക്കോ കുഞ്ഞിനോ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു.









Discussion about this post