ലക്‌നൗ: വിവാഹ മോചിതയായ ഭാര്യയ്ക്ക് പ്രതിമാസം 2500 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതി. 2500 രൂപ ഭക്ഷണത്തിന് പോലും തികയില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശിനിയായ ശിൽപ്പി ശർമ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല ഇടപെടൽ.
ഭർത്താവ് രാഹുൽ ശർമ്മയിൽ നിന്നും വിവാഹ മോചനം തേടി ശിൽപ്പി കുടുംബ കോടതിയെ ആണ് ആദ്യം സമീപിച്ചത്. വിവാഹ മോചനം നൽകിയ കോടതി സിആർപിസിയിലെ 125ാം വകുപ്പ് പ്രകാരം 2500 രൂപ പ്രതിമാസം ഭാര്യക്ക് നൽകാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ ഈ തുക പോരെന്ന് കാട്ടി ശിൽപ്പി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിമാസം നാല് ലക്ഷം രൂപയാണ് ഭർത്താവ് ശമ്പളമായി വാങ്ങുന്നതെന്നെന്ന് കോടതിയെ അറിയിച്ച ഹർജിക്കാരി തന്റെ ചികിത്സയുൾപ്പെടെയുള്ള ചിലവുകൾ പരിഗണിച്ച് 12,000 രൂപ പ്രതിമാസം നൽകാൻ തീരുമാനം ഉണ്ടാകണം എന്നും ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസ് നാരായൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. ഹർജിക്കാരിയുടെ വാദങ്ങൾ ശരിയാണെന്ന് നിരീക്ഷിച്ച കോടതി 2500 രൂപ ഒന്നിനും തികയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാൽ സഹാറ ഇന്ത്യയിൽ ജോലി ഉണ്ടായിരുന്നപ്പോഴായിരുന്നു പ്രതിയ്ക്ക് ഉയർന്ന ശമ്പളം ലഭിച്ചിരുന്നത് എന്നും, പിന്നീട് ജോലി രാജിവച്ചുവെന്നും രാഹുലിന്റെ അഭിഭാഷകൻ പറയുകയായിരുന്നു. ജോലിയ്ക്ക് പോകുന്ന ശിൽപ്പി പ്രതിമാസം 15,000 രൂപ ശമ്പളമായി വാങ്ങുന്നുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിയ ഹൈക്കോടതി ഭർത്താവിനോട് 10,000 രൂപ പ്രതിമാസം ജീവനാംശമായി നൽകാൻ ഉത്തരവിടുകയായിരുന്നു.
Discussion about this post