ന്യൂഡൽഹി : കഴിഞ്ഞദിവസം പലസ്തീന് പിന്തുണ നൽകുന്ന ബാഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക ഗാന്ധിക്ക് കടുത്ത വിമർശനങ്ങൾ ആയിരുന്നു നേരിടേണ്ടി വന്നത്. സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ട്രോളുകളും രാഷ്ട്രീയക്കാരിൽ നിന്നും സിനിമാതാരങ്ങളിൽ നിന്നും പോലും കടുത്ത വിമർശനങ്ങളും ഈ വിഷയത്തിൽ പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നു. ഇതോടെ ബാലൻസിംഗ് ബാഗുമായി ഇന്ന് വീണ്ടും രംഗപ്രവേശം നടത്തിയിരിക്കുകയാണ് വയനാട് എംപി.
ഇന്ന് പ്രിയങ്ക പാർലമെന്റിൽ എത്തിയത് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് പിന്തുണ വ്യക്തമാക്കുന്ന ബാഗുമായാണ്. ഈ ബാഗിലെ വാക്കുകൾ പ്രദർശിപ്പിക്കുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടക്കുന്ന ആക്രമണത്തെക്കുറിച്ച് കേന്ദ്രസർക്കാർ ബംഗ്ലാദേശ് സർക്കാരിനോട് ചോദ്യം ഉന്നയിക്കണമെന്നും പ്രിയങ്ക ലോകസഭയിൽ ആവശ്യപ്പെട്ടു. സീറോ അവറിലെ പരാമർശത്തിൽ ആയിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞദിവസം പലസ്തീന് പിന്തുണയുമായി പലസ്തീൻ എന്ന് എഴുതിയ ബാഗുമായി പ്രിയങ്ക ലോക്സഭയിൽ എത്തിയിരുന്നത് വലിയ വിവാദമായിരുന്നു. എന്നാൽ തന്നെ വിമർശിക്കുന്നവർ പുരുഷാധിപത്യത്തിന്റെ വക്താക്കളാണ് എന്നാണ് ഈ വിഷയത്തിൽ പ്രിയങ്ക പ്രതികരിച്ചത്. താൻ പുരുഷാധിപത്യത്തെ പിന്തുണക്കില്ലെന്നും തനിക്ക് ഇഷ്ടമുള്ളത് താൻ ധരിക്കും എന്നും ഈ വിഷയത്തിൽ പ്രിയങ്ക അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post