ബീജിംഗ്: ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധി ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബീജിംഗിൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവ്വ സ്ഥിതിയിലാക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നിർണ്ണായകമായ ചർച്ചകൾ നടത്തും. അതിർത്തിയിലെ വെടിനിർത്തലിന് ആഴ്ചകൾക്ക് ശേഷമാണ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.
നാല് വർഷത്തിലേറെ നീണ്ട സൈനിക തർക്കം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കൂടിക്കാഴ്ച്ചയാണ് ഇന്ന് നടക്കുന്നതെന്നാണ് വിലയിരുത്തൽ. ഗൽവാൻ താഴ്‌വരയിൽ 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
അതേസമയം; അജിത് ഡോവലിന്റെ സന്ദർശനത്തിന് മുന്നോടിയായി ചൈനീസ് വിദേശ കാര്യമന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിന്നു. അതിൽ ചൈനയുടെയും ഇന്ത്യയുടെയും നേതാക്കൾ തമ്മിലുള്ള സുപ്രധാന പൊതു ധാരണകൾ നടപ്പിലാക്കാൻ ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് പറഞ്ഞിരുന്നു.
“ഇരു രാജ്യങ്ങളുടെയും പ്രധാന ആശങ്കകൾ പരസ്പരം മനസിലാക്കുക. സംഭാഷണത്തിലൂടെയും ആശയവിനിമയത്തിലൂടെയും പരസ്പര വിശ്വാസം ശക്തിപ്പെടുത്തുക. ആത്മാർത്ഥതയോടെയും നല്ല വിശ്വാസത്തോടെയും വ്യത്യാസങ്ങൾ ശരിയായി പരിഹരിക്കുക, ഉഭയകക്ഷി ബന്ധങ്ങൾ സുസ്ഥിരവും ആരോഗ്യകരവുമായ വികസനത്തിൻ്റെ ട്രാക്കിലേക്ക് ഉടൻ കൊണ്ടുവരിക.” എന്നിവയാണ് ചൈന ഉദ്ദേശിക്കുന്നതെന്ന് ഡോവലിന്റെ സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി”
ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഒക്‌ടോബറില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും ആഹ്വാനം ചെയ്തത് . അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുക എന്നത് ഇരുരാജ്യങ്ങളുടെയും മുൻഗണന വിഷയമായി തുടരണമെന്നും പരസ്‌പര വിശ്വാസമാണ് ഉഭയകക്ഷി ബന്ധത്തിന്‍റെ അടിസ്ഥാനമെന്നും മോദി വ്യക്തമാക്കിയിരുന്നു.
Discussion about this post