ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. 54 കാരനായ ഒരു വ്യക്തി യുവ നേതാവായി വേഷമിടുകയാണ്. ഭരണഘടന ഭേദഗതി ശ്രമങ്ങൾ ഞങ്ങൾ നടത്തുന്നു എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. എന്നാൽ ഞങ്ങളെക്കാൾ കൂടുതൽ ഭരണഘടന ഭേദഗതി വരുത്തിയിട്ടുള്ളത് കോൺഗ്രസ് ആണ്. അമിത് ഷാ പറഞ്ഞു.
ഭരണഘടനയിൽ ബിജെപിയേക്കാൾ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയത് കോൺഗ്രസ് ആണ്. 55 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ഭരണഘടനയിൽ വരുത്തിയത് 77 ഭേദഗതികളാണന്നും 16 വർഷം ഭരിച്ച ബിജെപി 22 ഭേദഗതികള്‍ മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അതേ സമയം കോണ്‍ഗ്രസ് ഭരണഘടനാ ഭേദഗതി ചെയ്തത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനായിരുന്നോ അതോ അധികാരത്തില്‍ തുടരാനായിരുന്നോ എന്നും അമിത് ഷാ ചോദിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഉദാഹരണമായിട്ടെടുത്തായിരിന്നു അമിത് ഷായുടെ വാദം.
നമ്മുടെ ഭരണഘടന ഒരിക്കലും മാറ്റാന്‍ പറ്റാത്ത ഒന്നല്ലെന്നും ആർട്ടിക്കിൾ 368 ല്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥയുണ്ടെന്നും അമിത് ഷാ പറഞ്ഞു. അതെ സമയം യുവാവ് എന്ന് സ്വയം വിളിക്കുന്ന 54 കാരനായ ഒരു നേതാവ് ഞങ്ങൾ ഭരണഘടന മാറ്റുന്നുവെന്ന് പറഞ്ഞ് ഭരണഘടനയും പിടിച്ച് നടക്കുകയാണെന്നും അമിത് ഷാ പരിഹസിച്ചു.
Discussion about this post